പ്രളയത്തിന് മുമ്പേ ലോകരാജ്യങ്ങള്‍ ഭീതിയോടെ ഉറ്റുനോക്കിയ സംസ്ഥാനമായിരുന്നു കേരളം. കോഴിക്കോട് ജില്ലയില്‍ തലപൊക്കിയ നിപ വൈറസിന്റെ ഭീകരതയെ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനംകൊണ്ടാണ്  തളച്ചത്. ആ രോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തെളിയുന്ന കുറേ ചിത്രങ്ങളുണ്ട്. സ്വജീവന്‍ പണയംവെച്ച് ജോലിചെയ്ത് മരണംവരിച്ച കോഴിക്കോടിന്റെ മാലാഖ-സിസ്റ്റര്‍ ലിനി, തക്കസമയത്ത് രോഗം തിരിച്ചറിഞ്ഞ ഡോക്ടര്‍ അനൂപ്, കര്‍മനിരതരായ രാഷ്ട്രീയപ്രവര്‍ത്തകര്‍, രോഗഭീതിയാല്‍ ഒറ്റപ്പെട്ട പേരാമ്പ്ര പട്ടണം, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖങ്ങള്‍... ഇവയെല്ലാം വെള്ളിത്തിരയിലെത്തുന്നു. കേരളത്തെ ഞെട്ടിച്ച നിപ രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണ് 'വൈറസ്'.

വന്‍താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍ സിസ്റ്റര്‍ ലിനിയായി എത്തുന്നു. രേവതി, ആസിഫ് അലി, ടൊവിനോ തോമസ്, ദിലീഷ് പോത്തന്‍, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒ.പി.എം. സിനിമ നിര്‍മിക്കുന്ന ചിത്രം ഡിസംബറില്‍ കോഴിക്കോട്ട് തുടങ്ങും. ഈ ചിത്രത്തിലേക്ക് നയിച്ച ചിന്തയെക്കുറിച്ച് സംവിധായകന്‍ ആഷിഖ് അബു സംസാരിക്കുന്നു...

'പകര്‍ച്ചപ്പനി എല്ലാവര്‍ഷവും കേരളം നേരിടുന്ന ആരോഗ്യപ്രശ്‌നമായിരുന്നു. പണ്ട് അത്തരം വാര്‍ത്തകള്‍ക്ക്  ഒരാഴ്ചത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പനി, നിപയിലേക്ക് മാറിയപ്പോഴാണ്, സമൂഹത്തില്‍ ഭീതിപടര്‍ന്നത്. അത് ആദ്യഘട്ടത്തില്‍നിന്ന് രണ്ടാംഘട്ടത്തിലേക്ക് പടര്‍ന്നുകഴിഞ്ഞപ്പോഴാണ് ഭയം ആളിക്കത്താന്‍ തുടങ്ങിയത്. ഞെട്ടറ്റുവീഴുംപോലെ കുടുംബത്തിലെ ഓരോരുത്തരായി മരിച്ചുവീണു. ചില ദേശങ്ങളും വീടുകളും കുടുംബങ്ങളും ഒറ്റപ്പെട്ടു. ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല എന്നറിയുന്നതോടെ ഭീതിയുടെ ആഴം കൂടി. അവിടെ നമ്മള്‍ അപ്രസക്തരായി.  എല്ലാറ്റിനും ഉപരി മനുഷ്യന്‍ മറ്റെല്ലാം മറന്ന് ഒറ്റക്കെട്ടായി നിന്നു. ആ അവസ്ഥയില്‍നിന്നാണ് ഈ ചിത്രത്തെക്കുറിച്ചുള്ള ചിന്ത കടന്നുവന്നത്'.

ഇതില്‍ ഒരു സിനിമയുണ്ടെന്ന്  ആരെങ്കിലും ഓര്‍മിപ്പിച്ചിരുന്നോ? അതെങ്ങനെ തോന്നി

നമ്മുടെ ജനതയുടെ കരുത്തുറ്റ അതിജീവനമാണ്  എന്നെ വിസ്മയിപ്പിച്ചത്. നമ്മുടെ ജീവിതസാഹചര്യത്താല്‍ ഇത്തരം കഥകള്‍ മലയാളസിനിമയ്ക്ക് പറയേണ്ടിവന്നിട്ടില്ല. നിപ ഉയര്‍ത്തിയ പരിഭ്രാന്തിയില്‍നിന്നും ഭീതിയില്‍നിന്നും ഉയര്‍ന്ന ചര്‍ച്ചയില്‍നിന്നാണ് ഈ ചിത്രം പിറവിയെടുത്തത്. അന്ന് കോഴിക്കോട്ടെ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് കിട്ടിയ വികാരസാന്ദ്രമായ ജീവിതമുഹൂര്‍ത്തങ്ങളുണ്ട്. അതെല്ലാം ഈ ചിത്രത്തിലേക്ക് വഴിതുറന്നവയായിരുന്നു. അധികം പഴക്കമില്ലാത്ത റിയല്‍ ലൈഫ് സ്റ്റോറിയായാണ് വൈറസ് എന്ന ചിത്രം വരുന്നത്.

ചിത്രം യഥാര്‍ഥകഥയുടെ ആവിഷ്‌കാരമാണോ അതോ സാങ്കല്പികകഥയാണോ പറയുന്നത്...

നിപരോഗ പശ്ചാത്തലത്തില്‍ ഒരുപാട് മുഖങ്ങളുള്ള ഒരു വലിയകഥ പറയാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതില്‍ സിസ്റ്റര്‍ ലിനിയും വൈറോളജിസ്റ്റുകളും ക്‌ളീനിങ് തൊഴിലാളികളും ആരോഗ്യപ്രവര്‍ത്തകരും ജില്ലാഭരണകൂടവും പൊതുജനങ്ങളും വരുന്നുണ്ട്. അതിന്റെ റിസര്‍ച്ച് കഴിഞ്ഞ രണ്ടുമാസമായി തുടരുകയാണ്. ഇനിയും ശേഖരിക്കേണ്ടതുണ്ട്.

വന്‍താരനിരയും ചിത്രത്തിലുണ്ട്. അങ്ങനെ വൈറസ് മള്‍ട്ടിസ്റ്റാര്‍ ചിത്രമാകുകയാണ്

മള്‍ട്ടിസ്റ്റാര്‍ ചിത്രമാക്കാന്‍ വേണ്ടിയല്ല. ഈ ചിത്രം ആവശ്യപ്പെടുന്ന കാര്യമാണത്. ഒരുപാട് കഥകള്‍ ചേര്‍ന്ന ചിത്രമായതിനാല്‍ ശക്തമായ കുറേ കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അത് അവതരിപ്പിക്കാന്‍ എസ്റ്റാബ്‌ളിഷ്ഡായ നടന്മാര്‍ അത്യാവശ്യമായിരുന്നു.

ഈ വിഷയം കേന്ദ്രീകരിച്ച് സംവിധായകന്‍ ജയരാജ് ഒരു ചിത്രം പ്‌ളാന്‍ചെയ്തത് അറിഞ്ഞിരുന്നോ?

ഞങ്ങള്‍ നാലുമാസത്തോളമായി ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലായിരുന്നു. ആ വിവരം അടുത്തറിഞ്ഞ് ജയരാജ് സാര്‍ ആ  ശ്രമത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. നിപരോഗ പശ്ചാത്തലത്തിലുണ്ടായ സംഭവങ്ങള്‍ ഒരു ചിത്രത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. അത്രയും കഥകളും ഉപകഥകളും അതിനുപിന്നിലുണ്ട്.

Content Highlights :  Aashiq Abu Makes Film On Nipah Virus Movie Rima as nurse Lini Asif Tovino Parvathy Revathy Remya