സംവിധായകന്‍  ആഷിഖ് അബുവിനെതിരെ വന്‍ തുകയുടെ സാമ്പത്തിക ക്രമേക്കട് ആരോപണവുമായി പ്രവാസി മലയാളി. മഹേഷിന്റെ പ്രതികാരത്തിന്റെ നിര്‍മാതാവ് കൂടിയായ ആഷിഖ് കരാര്‍  ലംഘിച്ചുവെന്ന് കാണിച്ചാണ് പരാതി. ചിത്രത്തിനായി 2.40 കോടി രൂപ മുതല്‍ മുടക്കിയ തന്റെ കമ്പനിക്കു മുടക്ക് മുതലിന് പുറമേ, 60% ലാഭവിഹിതം കൂടി നല്‍കുമെന്നായിരുന്നു കരാറെങ്കിലും ആകെ ലഭിച്ചത് 1.85 കോടി രൂപ മാത്രമാണെന്നാണു പ്രവാസി വ്യവസായി സി.ടി. അബ്ദുള്‍ റഹ്മാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

പരാതിയുടെ പ്രസക്തഭാഗങ്ങള്‍

ആഷിഖ് അബു എംഡിയും സന്തോഷ്. ടി.കുരുവിള ചെയര്‍മാനുമായ ഒപിഎം ഡ്രീം മില്‍ സിനിമാസും തന്റെ കമ്പനിയായ വണ്‍നെസ് മീഡിയ മില്ലും ചേര്‍ന്നാണ് മഹേഷിന്റെ പ്രതികാരം നിര്‍മിച്ചത്. ആകെ നിര്‍മാണച്ചെലവിന്റെ 60 ശതമാനമായ 2.40 കോടി രൂപയാണു തങ്ങള്‍ ഡ്രീം മില്‍ സിനിമാസിന് നല്‍കിയത്. മുടക്കുമുതലിന് പുറമേ, ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതു പാലിച്ചില്ല. പല തവണയായി 1.85 കോടി രൂപ മാത്രമാണു നല്‍കിയത്. മുടക്കുമുതലില്‍ തന്നെ 55 ലക്ഷം രൂപ നല്‍കാന്‍ ബാക്കിയുണ്ട്.

എട്ടു കോടിയിലേറെ രൂപ തിയറ്റര്‍  കളക്ഷനായും നാലു കോടി രൂപ സാറ്റലൈറ്റ് ഇനത്തിലും ഓവര്‍സീസ്, റീമേക്ക് അവകാശം നല്‍കിയ ഇനങ്ങളിലായി രണ്ടു കോടിയിലേറെ രൂപയും ലഭിച്ചിട്ടും ലാഭവിഹിതമായി ഒരു രൂപ പോലും നല്‍കിയില്ല. പണം ആവശ്യപ്പെട്ട് പലവട്ടം ആഷിഖ് അബുവും സന്തോഷുമായും സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മധ്യസ്ഥന്‍ മുഖേനയും ചര്‍ച്ചകള്‍ വിജയം കാണാത്ത സാഹചര്യത്തിലാണ് സംഘടനയെ അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കരാറിന്റെയും പണം നല്‍കിയതിന്റെ രേഖകളും സഹിതമാണ് പരാതി നല്‍ിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നത നീതിബോധം പ്രകടിപ്പിക്കുന്ന ആഷിഖ് അബുവില്‍ നിന്ന് നീതി ലഭിക്കാന്‍ ഇടപെടണമെന്നും പരാതിയില്‍ അബ്ദുള്‍ റഹ്മാന്‍ അഭ്യര്‍ഥിക്കുന്നു.

Content Highlights : aashiq abu maheshinte prathikaram financial allegations aashiq abu director