ചെറുപ്പകാലത്ത് താനും പുരുഷാധിപത്യ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ തനിക്കിപ്പോള്‍ ഖേദമുണ്ടെന്നും സംവിധായകന്‍ ആഷിക് അബു. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുമായി സംവദിക്കാനുള്ള പ്രത്യേക ചാറ്റ് സംഭാഷണത്തിനിടയിലാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ മറുപടി നല്‍കിയത്. നേതാക്കന്‍മാരുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ ആരുടേതാണ് തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് പിണറായി വിജയന്‍ എന്നായിരുന്നു ആഷിക്കിന്റെ മറുപടി. മലയാളസിനിമയ്ക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ ഭീഷണി പൈറസിയാണെന്നും ആഷിക് അബു പറഞ്ഞു. 

ഒരു സംവിധായകനാകണമെന്ന് തോന്നിയത് ഏതു സിനിമ കണ്ടപ്പോഴാണ് എന്നറിയാന്‍ ഒരു ആരാധകന് തിടുക്കമായി. ഉടന്‍ സിനിമയുടെ പോസ്റ്ററുമായി വന്നു ആഷിക്കിന്റെ ഉത്തരം. 1997ല്‍ പുറത്തു വന്ന ഇറ്റാലിയന്‍ ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ കണ്ടപ്പോഴാണ് തനിക്ക് സംവിധായകനാകണമെന്ന മോഹമുദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റിയലിസ്റ്റിക് സിനിമകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതെന്താണെന്നും ഞങ്ങള്‍ക്ക് ഫാന്റസി സിനിമകളും വേണമെന്ന മറ്റൊരു ആരാധകന്റെ പരിഭവവും അടുത്തത് വരുന്നത് ഒരു ഫാന്റസി ചിത്രവുമായാണ് എന്ന മറുപടിയിലൂടെ ആഷിക് മാറ്റിക്കൊടുത്തു.  ചെറുപ്പത്തിലെപ്പോഴെങ്കിലും പുരുഷാധിപത്യം കാണിച്ചിരുന്ന ഘട്ടമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട്, അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും ആഷിക് പറയുന്നു. വൈറസിനൊരു രണ്ടാം ഭാഗം പ്ലാനിലില്ലെന്നു പറഞ്ഞ ആഷിക് റീമ കല്ലിങ്കലിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ അത് പങ്കുവെയ്ക്കുകയും ചെയ്തു.

pinarayi vijayan

fantasy

aashiq abu instagram

Content Highlights : aashiq abu instagram chat with followers reveals he was male chauvinist in his younger years