കേരളത്തിന്റെ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചയാണ് കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെയുള്ള പോരാട്ടം. ആ പോരാട്ടം ചലച്ചിത്രമാവുകയാണ്. സംവിധായകന്‍ ആഷിക് അബുവാണ് നിപ്പ വൈറസിനെതിരെയുള്ള മലയാളികളുടെ ചെറുത്തുനില്‍പ്പിനെ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. 

ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. നിപ്പ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത് ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലാണ്. 

"നിപ്പയാണ് സിനിമയുടെ പ്രമേയം. മൂന്ന് നാല് മാസത്തോളമായി ഈ സിനിമ മനസിലുണ്ട്. നിപ്പ ശരിക്കും മാനവരാശിയുടെ ഒരു ചെറുത്തുനില്‍പ്പായിരുന്നു. ഒന്നല്ല ഒരുപാട് സിനിമയ്ക്കുള്ള കഥ അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. നിപ്പ പ്രതിരോധം കേരളത്തിന് അഭിമാനിക്കാവുന്ന സംഗതിയാണ്. ശരിക്കും ഒരു ത്രില്ലറാണ് ഇവിടെ സംഭവിച്ചത്. ഒരു ജനതയുടെ വിജയമാണ് ഇത്. അന്ന് കോഴിക്കോടുണ്ടായിരുന്ന പൊതുജീവിതത്തിന്റെ പരിച്ഛേദമാണ് വൈറസ്." ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് പറഞ്ഞു.

"നിപ്പയെ നേരിട്ടും അല്ലാതെയും അറിഞ്ഞവരുടെ അനുഭവങ്ങളാണ് തിരക്കഥയില്‍ ഉള്‍പ്പെടുത്തുന്നത്. ചിത്രത്തിന് ഒരു മള്‍ട്ടി സ്റ്റാര്‍ കാസ്റ്റിംഗ് ആവശ്യമാണ്. രോഗികള്‍, ഡോക്ടര്‍മാര്‍, ആശുപത്രിയിലെ ജീവനക്കാര്‍, പൊതുജനം തുടങ്ങി ഒരുപാട് കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്. കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യപ്രധാന്യം ലഭിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കുന്നത്.

ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും തീരുമാനങ്ങളും അവസാന ഘട്ടത്തിലാണ്. ലിനിയുടെ കഥാപാത്രം ചെയ്യുന്നത് റിമ ആയിരിക്കും. ആരോഗ്യമന്ത്രിയുടെ റോളില്‍ എത്തുക രേവതിയാണ്. ബാക്കി കഥാപാത്രങ്ങളെക്കുറിച്ചുള്ള തീരുമാനം ആകുന്നതേയുള്ളൂ." ആഷിക് അബു പറഞ്ഞു. 

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ ആഷിഖ് അബു കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാരെടുത്ത ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്.

nipha

മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. ഒപിഎം ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനാണ്. 

Aashiq Abu Film On Nipah Virus Movie Rima kallingal nurse Lini Asif Tovino Parvathy Revathy Remya