വിജയ്- അറ്റ്ലി കൂട്ടുക്കെട്ടിലൊരുങ്ങിയ മെര്‍സല്‍ വിവാദം കത്തിപ്പടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. 

വിവാദത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പി. നേതാക്കളുടെ ആക്രമണത്തെ പരിസഹിച്ച് സംവിധായകന്‍ ആഷിക് അബു. നായകന്‍ വിജയിന്റെ മതം സൂചിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി.യുടെ വിമര്‍ശനത്തിനെതിരെയാണ് ആഷിക് പരിഹാസവുമായി രംഗത്തുവന്നത്. 

ആഷിക് അബുവിന്റെ കുറിപ്പ് 

'കമല്‍, അല്ല കമാലുദ്ധീന്‍ 
വിജയ്, അല്ല ജോസഫ് വിജയ് 
ചാണകം, അല്ല തലച്ചോറ്' 

vijay

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെ അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സലില്‍ പരിഹസിച്ചതാണ് ബി.ജെ.പി. നേതാക്കളെ ചൊടിപ്പിച്ചത്. ജോസഫ് വിജയ് എന്ന പേര് ഉപയോഗിച്ചാണ് ബി.ജെ.പി. ദേശീയ സെക്രട്ടറിയും തമിഴ്‌നാട് സ്വദേശിയുമായ എച്ച്.രാജ ട്വീറ്റ് ചെയ്തത്. 

മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിനും പങ്കുണ്ടെന്ന് രാജ പ്രതികരിച്ചു. ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന സിനിമയിലെ സംഭാഷണം പള്ളികളെ കുറിച്ച് അദ്ദേഹം പറയുമോ എന്നും രാജ ചോദിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാന്നെന്നും രാജ ട്വീറ്റില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ബി.ജെ.പി.യുടെ ആവശ്യത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകരായ, രജനികാന്ത്, കമല്‍ഹാസന്‍, പാ രഞ്ജിത്, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം എന്നിവരും രംഗത്തുവന്നിരുന്നു. മെര്‍സല്‍ ഒരു പ്രധാന വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും അതിനാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും രജനികാന്ത് ട്വീറ്റ് ചെയ്തു.