അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്ത ഹൈക്കോടതി വിധി ജനാധിപത്യവാദികളുടെ വിജയമാണെന്ന് സംവിധായകന്‍ ആഷിക് അബു. ഫെയ്‌സ്ബുക്ക് പേജിലാണ് ആഷിക് അബുവിന്റെ പരാമര്‍ശം. വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരേയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവയ്പ്പാണെന്നും ആഷിഖ് അബു കുറിച്ചു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മുസ്ലീം ലീഗ് ടിക്കറ്റിൽ വിജയിച്ച ഷാജിയെ അയോഗ്യനാക്കിയത്. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ, ഷാജിയുടെ ഹർജി പരിഗണിച്ച കോടതി പിന്നീട് വിധി രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള സാവകാശം ലഭിക്കുന്നതിനുവേണ്ടിയാണിത്.

ആഷിക് അബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

'അഴീക്കോട് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി, വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവെയ്പാണ്. എല്ലാ ജനാധിപത്യവാദികളുടെയും വിജയമാണ്. വര്‍ഗീയത തുലയട്ടെ! ജനാധിപത്യം പുലരട്ടെ!'

Content Highlights: aashiq abu facebook post on km shajis disqualification election nikesh kumar appeal