കോവിഡ് കാലത്തെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും ആരോഗ്യസംബന്ധമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടും സിനിമാ ചിത്രീകരണം തുടങ്ങി നിര്‍മ്മാതാക്കളും സംവിധായകരും. ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാരംഭിച്ചു. 

ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പ്രൊഡക്ഷന്‍ നമ്പര്‍ 10 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരു നല്‍കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം.

അതേസമയം മാസങ്ങളായി നിലത്തിരുന്ന സിനിമാനിര്‍മ്മാണം തങ്ങള്‍ പുനരാരംഭിക്കുകയാണെന്ന് സംവിധായകന്‍ ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ജുലൈ അഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ആഷിക് കുറിച്ചു. മമ്മൂട്ടി -ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട' എഴുതിയ ഹര്‍ഷദ് സംവിധാനം ചെയ്യുന്ന 'ഹാഗര്‍ ' ആണ് ചിത്രം. 

താനൊരു സിനിമ ചെയ്യാന്‍ പോകുകയാണെന്നും തടയാനാരുണ്ടെന്നും ചോദിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും വൈറലായിരുന്നു. തുടര്‍ന്ന് ലിജോ ഏതു സിനിമയാണ് ഇനി ചെയ്യാന്‍ പോകുന്നതെന്ന് അന്വേഷണങ്ങള്‍ വന്നപ്പോള്‍ സിനിമ പേരല്ല തന്റെ തീരുമാനമാണ് എന്നും ലിജോ കുറിച്ചു.

പുതിയ ചിത്രങ്ങളുടെ ചിത്രീകരണത്തിന് തടസ്സമില്ല. പക്ഷേ നിലവില്‍ റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങിയതിനു ശേഷമേ റിലീസ് ചെയ്യാനാകൂവെന്ന് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു.

Content Highlights : aashiq abu, ashiq usman resumes shooting covid 19 protocols fefka producers association