.jpg?$p=d678a52&f=16x10&w=856&q=0.8)
മമ്മൂട്ടി, മോഹൻലാൽ, ഷാരൂഖ് ഖാനൊപ്പം ആഷിക് അബു
ബോളിവുഡ് താരം ഷാരൂഖ് ഖാനെ ആഷിക് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും മുംബൈയിലെ വസതിയിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെ മൂവരും ചേര്‍ന്ന് ഒരു സിനിമയ്ക്ക് തയ്യാറെടുക്കുന്നുവെന്ന പ്രചരണങ്ങളുണ്ടായിരുന്നു. കൂടാതെ മോഹന്‍ലാലിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചും ഈയടുത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് ആഷിക് അബു. ടൊവിനോ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നാരദന് സിനിമയുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം
''ഏപ്രിലില്‍ ഷൂട്ടിങ് ആരംഭിക്കുന്ന നീലവെളിച്ചമാണ് ഞാന്‍ അടുത്തതായി ചെയ്യുന്ന ചിത്രം. മറ്റു സിനിമകളൊന്നും തീരുമാനമായിട്ടില്ല. ലാലേട്ടനുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാനാണ്. അതിന്റെ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം ഒത്തുവരുന്ന സമയം ആ സിനിമ സംഭവിക്കുമെന്നാണ് എന്റെ വിശ്വാസം.
അതുപോലെ ഷാരൂഖ് ഖാനുമായിട്ട് ഒരുമീറ്റിങ്ങാണ് ഞാനും ശ്യാം പുഷ്കരനുംകൂടി നടത്തിയത്. അന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ഒരു ഐഡിയ സംസാരിച്ചു. അത് തിരക്കഥയായി വളര്‍ത്തിയെടുക്കണമെങ്കില്‍ കുറച്ചധികം സമയം ആവശ്യമാണ്. അതിന്റെയിടയില് കോവിഡ് വന്നപ്പോള്‍ ഷാരൂഖിന്റെയും ശ്യാമിന്റെയും എല്ലാ പ്രോജക്ടുകളും ഷൊഡ്യൂളുകളും മാറിപ്പോയി. അതുകൊണ്ട് ആ സിനിമയ്ക്കുവേണ്ടി കുറേസമയം ഇനിയും ആവശ്യമായി വരും. മമ്മൂക്കയുമൊത്തുള്ള സിനിമയുടെയും തിരക്കഥ ശ്യാം പുഷ്കരനാണ്. അതും കുറച്ച് കാത്തിരിക്കേണ്ടിവരും.''
വൈക്കം മുഹമ്മദ് ബഷീറിന്റെ അതേ പേരിലുള്ള കൃതിയെ ആസ്പദമാക്കിയാണ് നീലവെളിച്ചം ഒരുങ്ങുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതേ കൃതിയെ ആസ്പദമാക്കി 1964 ല്‍ ഭാര്‍ഗവി നിലയം എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ഏക്കാലത്തെയും ക്ലാസിക്കല്‍ ചിത്രമായാണ് ഭാര്‍ഗവി നിലയം അറിയപ്പെടുന്നത്. എ.വിന്‍സന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ മധു, വിജയ നിര്‍മല, പ്രേം നസീര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..