ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത 'ആര്‍ക്കറിയാം' നീസ്ട്രീം, ആമസോണ്‍ പ്രൈം, റൂട്ട്‌സ് എന്റര്‍ടൈന്‍മെന്റ് എന്നിവയിലൂടെ റിലീസ് ചെയ്യുന്നു. കോവിഡ് കാല പ്രതിസന്ധികള്‍ നേരിടുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍, ബിജു മേനോന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 19 നാണ് റിലീസ് ചെയ്യുന്നത്. 

തീയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ കാരണം അധികം പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. തീയേറ്റര്‍ അനുഭവം നഷ്ടപ്പെട്ടവര്‍ക്ക് ദൃശ്യവിസ്മയം ഒരുക്കാനാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്‌.

 

അല്പം നിഗൂഢത നിറഞ്ഞ 72 വയസ്സുള്ള ഇട്ടിയവിരയുടെ വേഷം കൈകാര്യം ചെയ്യുന്ന ബിജു മേനോന്റെ മേക്കോവര്‍ ആദ്യം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഒപിഎം സിനിമാസിന്റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സാനു ജോണ്‍ വര്‍ഗീസ്, രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍. ചിത്രത്തിന്റെ ഓണ്‍ലൈന്‍ അഡ്വാന്‍സ് ബുക്കിങ്ങ് സൗകര്യവും നീസ്ട്രീമിലൂടെ ആരംഭിച്ചിരിക്കുന്നു.

Content Highlights: aarkkariyam Movie gets OTT Release Roots Video