കൊച്ചി: അന്നയും റസൂലിനും ശേഷം ഫഹദ് ഫാസിലും സണ്ണി വെയ്നും ഒന്നിക്കുന്ന 'ആണെങ്കിലും അല്ലെങ്കിലും' ഫ്യൂണറല്‍ കോമഡി വിഭാഗത്തിലുള്ള സിനിമയാണ്. മലയാളത്തില്‍ ഇന്നു വരെ പരീക്ഷിക്കാത്ത ഒരു തരം സിനിമയാണെന്നും ഇത് പരമാവധി വ്യത്യസ്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകന്‍ വിവേക് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തമാശക്കാണ് തിരക്കഥയില്‍ പ്രാധാന്യം നല്‍കുന്നതെന്നും ഈ ചിത്രം കുറേ അധികം തുടക്കക്കാരുടെ ഒത്തുകൂടുല്‍കൂടിയായിരിക്കുമെന്നും വിവേക് പറഞ്ഞു. 

'അന്നയും റസൂലും റിയലിസ്റ്റിക്കായ ചിത്രമായിരുന്നെങ്കില്‍ അതിന് ശേഷം ഫഹദും സണ്ണി വെയ്നും ഒന്നിക്കുന്ന 'ആണെങ്കിലും അല്ലെങ്കിലും'പൂര്‍ണമായും തമാശ ചിത്രമാണ്. തിരക്കഥ പൂര്‍ത്തിയായി വന്നപ്പോള്‍ കിട്ടിയൊരു പേരാണിത്. കഥയുമായി ബന്ധമുള്ളൊരു പേരാണ്, തന്നെയുമല്ല കൗതുകമുള്ളതുമായ ഒരു പേരാണ്. എല്ലാവരും സിനിമ അനൗണ്‍സ് ചെയ്യുമ്പോള്‍ പുതുമയുള്ളതെന്ന് അവകാശപ്പെടാറുണ്ട്. ഞാനും അങ്ങനെ പറയുന്നു, സിനിമയില്‍ പുതുമ കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഏതാണ്ട് വിജയിച്ചിട്ടുമുണ്ടെന്നാണ് കരുതുന്നത്. ബാക്കിയെല്ലാം സിനിമ പുറത്തു വരുമ്പോള്‍ മാത്രമെ പറയാനാകു.' - വിവേക് പറഞ്ഞു.  

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്താണ് ചിത്രത്തിന്റെ നിര്‍മാണം. ഈ അടുത്ത കാലത്തിന് ശേഷം അദ്ദേഹം നിര്‍മിക്കുന്ന ചിത്രമെന്ന് പ്രത്യേകതയുമുണ്ട് ഇതിന്. മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ കൂടുതല്‍ കാസ്റ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. 

വിവേക് തോമസ് വര്‍ഗീസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. വിവേകിനെ ഡയലോഗുകള്‍ എഴുതി സഹായിക്കുന്നത് അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവരാണ്. വിവേകിനെ പോലെ തന്നെ ഇവരും സിനിമയിലേക്ക് ചുവട് വെയ്ക്കുന്നവരാണ്. ഛായാഗ്രാഹകനായ അനു മൂത്തേടത്ത്, സംഗീതം ഒരുക്കുന്ന പി.എസ്. ജയഹരി എന്നിവരും സിനിമയിലെ തുടക്കക്കാരാണ്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്