പ്രണയവും വിവാഹ മോചനവും ബോളിവുഡില്‍ പുതുമയുള്ള കാര്യമല്ല. രണ്ടാം വിവാഹം ചെയ്തതിന് ശേഷവും ആദ്യ പങ്കാളിയുമായി സൗഹൃദത്തില്‍ തന്നെ കഴിയുന്ന താരങ്ങളും ബോളിവുഡിലുണ്ട്. അതിലൊരാളാണ് ആമിര്‍ ഖാന്‍. 

റീന ദത്തയുമായുള്ള 16 വര്‍ഷം നീണ്ട  വിവാഹ ബന്ധം വേര്‍പെടുത്തിയാണ് ആമിര്‍ കിരണ്‍ റാവുവിനെ ജീവിത സഖിയാക്കിയത്. എന്നാല്‍ ആദ്യഭാര്യയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആമിര്‍. 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ആമിര്‍ മനസ് തുറന്നത്.

"16 വര്‍ഷമാണ് ഞാനും റീനയും ഒരുമിച്ച് ജീവിച്ചത്. വേര്‍പിരിയാന്‍ എടുത്ത തീരുമാനം എനിക്ക് മാത്രമല്ല, റീനയ്ക്കും ഞങ്ങളുടെ കുടുംബത്തിനും ഏറെ വിഷമം നല്‍കുന്നതായിരുന്നു. പക്ഷേ, ഞങ്ങള്‍ രണ്ടുപേരും കഴിയുന്നത്ര നല്ല രീതിയില്‍ അതിനെ കൈകാര്യം ചെയ്തു. വിവാഹമോചനം നേടിയതിലൂടെ റീനയോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്‌നേഹം നഷ്ടപ്പെട്ടുവെന്നോ അര്‍ത്ഥമില്ല. അവള്‍ ശരിക്കും അതിശയപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്.

16 വര്‍ഷം അവള്‍ക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. അവളുമായുളള ജീവിതം ഞാനെന്ന വ്യക്തിത്വത്തെ വളരാന്‍ സഹായിച്ചു. വളരെ ചെറുപ്പത്തിലാണ് ഞങ്ങള്‍ വിവാഹിതരായത്. എന്നിട്ടും ഞാന്‍ മാത്രമല്ല അവളും വിവാഹ ജീവിതത്തിന് അതിന്റേതായ പ്രാധാന്യം നല്‍കി." ആമിര്‍ വ്യക്തമാക്കുന്നു.

1986 ലായിരുന്നു ആമിര്‍ഖാനും റീനയുമായുളള വിവാഹം. 2002 ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകനും ഇറ എന്ന മകളുമുണ്ട്. 2005 ലാണ് കിരണ്‍ റാവുവുമായുളള ആമിറിന്റെ വിവാഹം. ഈ ബന്ധത്തില്‍ ആസാദ് റാവു ഖാന്‍ എന്നൊരു മകനുണ്ട്.

Content highlights : Aamir Khan opens up on divorce with ex-wife Reena aamir reena divorce kiran rao marriage