പ്രൊഗേരിയ ബാധിച്ച് ജീവിതത്തിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് നിഹാല്‍ ബിട്ട്‌ല തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്നു പറയുന്നത്. കാലങ്ങളായി താന്‍ മനസില്‍ കൊണ്ട് നടന്ന് ആരാധിക്കുന്ന ആമീര്‍ ഖാനെ നേരിട്ട് കാണണമെന്ന്. ആഗ്രഹം നടന്ന് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോളേക്കും പതിനാലുകാരന്‍ സ്വപ്നങ്ങള്‍ ബാക്കിവെച്ച് ജീവിതത്തോടു വിടപറഞ്ഞിരിക്കുകയാണ്. 

തെലങ്കാനയില്‍ മുത്തച്ഛന്റെ വസതിയിലായിരുന്നു അന്ത്യം. പ്രൊഗേരിയ ബാധിച്ച കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടീം നിഹാല്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് നിഹാല്‍ പ്രശസ്തനാകുന്നത. താരേ സമീന്‍ പര്‍ എന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോളാണ് നിഹാലിന് ആമിറിനെ നേരിട്ട് കാണാനുള്ള ആഗ്രഹം നിഹാലിന്റെ മനസില്‍ മൊട്ടിടുന്നത്. നിഹാലിന്റെ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആമിര്‍ നേരിട്ട്  മുന്നോട്ട് വരികയായിരുന്നു.

ആമിറുമായുള്ള കൂടിക്കാഴ്ച നിഹാലിന്റെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കി. ആമിര്‍ ഖാന് സമ്മാനമായി താന്‍ വരച്ച ഗണപതിയുടെ ചിത്രം നിഹാല്‍ നല്‍കിയിരുന്നു. ഇവരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ടീം നിഹാല്‍ പോസ്റ്റ് ചെയ്തിരുന്നു. ഇനിയും സ്വപ്നങ്ങള്‍ ബാക്കിയാണ് നിഹാലിന്. 

ബാല്യത്തില്‍ തന്നെ കുട്ടികളെ വാര്‍ദ്ധക്യാവസ്ഥയില്‍  എത്തിക്കുന്നതാണ് പ്രൊഗേരിയ എന്ന രോഗം. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചില്ല. പാ എന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍ പ്രൊഗേരിയ രോഗം ബാധിച്ച കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.