ബോളിവുഡ് താരം ആമിര്‍ ഖാന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നു. വിഖ്യാതമായ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്റെ ഹിന്ദിപതിപ്പാണ് ആമിറിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പേര് 'ലാല്‍ സിങ് ഛദ്ദ'. ആമിറിന്റെ മുന്‍ചിത്രങ്ങളില്‍ സഹസംവിധായകനായ അദ്വൈത് ചന്ദന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 

പുതിയ ചിത്രത്തിനുവേണ്ടി ഭാരം കുറയ്ക്കുന്ന പരിപാടിയിലാണ് ഇപ്പോള്‍ ആമിര്‍. ചുരുങ്ങിയത് 20 കിലോയെങ്കിലും കുറയ്‌ക്കേണ്ടതുണ്ട്. അതിനായുള്ള ഭക്ഷണക്രമമാണിപ്പോള്‍ തുടരുന്നത്. 

ഈ ചിത്രം മനസ്സിലിട്ട് കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായെന്നും ഇപ്പോഴാണ് അത് യാഥാര്‍ഥ്യമായതെന്നും ആമിര്‍ ചിത്രം പ്രഖ്യാപിക്കുന്നവേളയില്‍ പറഞ്ഞിരുന്നു. ഫോറസ്റ്റ് ഗംപിന്റെ തിരക്കഥ ആമിറിനെ ഏറെ ആകര്‍ഷിച്ചിരുന്നു. ടോം ഹാങ്ക്സ് ചെയ്ത കഥാപാത്രവും ആമിറിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. 

1986-ല്‍ പുറത്തിറങ്ങിയ വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ ഫോറസ്റ്റ് ഗംപ് എന്ന നോവലിനെ ആസ്പദമാക്കിയാണ് അതേ പേരില്‍ 1994-ല്‍ ഫോറസ്റ്റ് ഗംപ് പുറത്തിറങ്ങിയത്. ഏറ്റവും മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, വിഷ്വല്‍ എഫക്ട്, എഡിറ്റിങ് എന്നിവയില്‍ ഓസ്‌കര്‍ അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. കുടുംബസമേതം കാണാന്‍ പറ്റുന്ന നല്ല ഹാസ്യചിത്രമായിരിക്കും 'ലാല്‍ സിങ് ഛദ്ദ' എന്നാണ് ആമിര്‍ തന്റെ പുതിയ സിനിമയെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' ഉദ്ദേശിച്ച രീതിയില്‍ ബോക്സ് ഓഫീസില്‍ വിജയിച്ചില്ലെങ്കിലും ലാല്‍ സിങ്ങിലൂടെ അത് മറികടക്കാമെന്നാണ് ആമിര്‍ കരുതുന്നത്. 

വര്‍ഷങ്ങളായി ഈ ചിത്രത്തിന്റെ തിരക്കഥാ രചന നടക്കുന്നു. അതുല്‍ കുല്‍ക്കര്‍ണിയാണ് ഇത് തയ്യാറാക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറിലേ ആരംഭിക്കുകയുള്ളൂ. ഇപ്പോള്‍ ആമിറും സംഘവും ലോക്കേഷനുകള്‍ കണ്ടെത്തുന്നതിന്റെ തിരക്കിലാണ്. 

അധോലോകത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഗുല്‍ഷന്‍ കുമാറിന്റെ ജീവിതകഥ പറയുന്ന മൊഗുള്‍ എന്ന ചിത്രവും ആമിറിന്റെതായി ഇറങ്ങാനുണ്ട്. ഈ ചിത്രം നിര്‍മിക്കുന്നത് ഗുല്‍ഷന്‍ കുമാറിന്റെ മകന്‍ ഭൂഷന്‍ കുമാറും ആമിറും ചേര്‍ന്നാണ്. സുഭാഷ് കപൂര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു എന്ന് സുഭാഷിനെതിരെ നടി ഗീതിക ത്യാഗി നല്‍കിയ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഭാഷിന് പകരം പുതിയ സംവിധായകനെ തിരയുകയാണ് ആമിറും ഭൂഷണും. 

അടുത്തിടെ ആമിര്‍ ഖാനും സല്‍മാന്‍ ഖാനും മുംബൈയില്‍ ഷാരൂഖ് ഖാനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുകയുണ്ടായി. മൂന്നുപേരും ഒന്നിക്കുന്ന ഒരു ചിത്രം പണിപ്പുരയിലുണ്ടെന്ന വാര്‍ത്തയും ഇതിന് പിന്നാലെയെത്തി. എന്നാല്‍ ഇതുവരെ അതിന് ഒരു താരത്തില്‍നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. മൂന്ന് ഖാന്‍മാരും ഒന്നിച്ചുള്ള  ഒരു ചിത്രവും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 

Content Highlights: aamir khan lal singh chaddha remake of forrest gump Advait Chandan bollywood movies