ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും എച്ച് വൺ എൻവൺ പനി ബാധിച്ചു. മുതിര്‍ന്ന പത്ര പത്രവര്‍ത്തക അനുപമ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനുവേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടര്‍ കപ്പ് അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു പരിപാടിയുടെ അവതാരകൻ കൂടിയായ ആമിർ. ചികിത്സയിലായതിനാൽ ആമിറിന് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഈ കാര്യം അനുപമ ട്വിറ്ററിലൂടെ അറിയിച്ചതിന് തൊട്ടു പിറകെ രോഗം കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് ആമിറുമെത്തി. ചടങ്ങിനിടെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ആമിർ തന്റെ രോഗവിവരവും പരിപാടിയിൽ പങ്കടുക്കാൻ കഴിയാത്തതിലുള്ള വിഷമവും പങ്കുവച്ചത്.
ഇന്ന് നിങ്ങൾക്കെല്ലാവർക്കും ഒരു സന്തോഷദിനമാണല്ലോ. എന്നാൽ, ഞങ്ങൾക്ക് ഇത് സങ്കടത്തിന്റെ ദിവസമാണ്. എച്ച്. വൺ എൻ വൺ പനി കാരണം ഞങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. ഇത് പകർച്ചവ്യാധി ആയതിനാൽ ഞങ്ങൾ വീട്ടിൽ തന്നെ അടച്ചിരിക്കുകയാണ്- ആമിർ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഷാരൂഖ് ഖാൻ, നിത അംബാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.