പ്രിയ നടനെ മുന്നിൽ കണ്ടാൽ കോവിഡും സാമൂഹിക അകലവുമെല്ലാം പടിക്ക് പുറത്താണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ബോളിവുഡ് നടൻ ആമിർ ഖാനാണ് ആരാധകരുടെ സ്നേഹം കൊണ്ട് വെട്ടിലായത്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ലാൽ സിംഗ് ഛദ്ദ'യുടെ ചിത്രീകരണത്തിനായി തുർക്കിയിലെത്തിയതാണ് താരം.

ഇവിടുത്തെ ആരാധകർ പ്രിയ താരത്തെ കണ്ട ആവേശത്തിൽ ആമിറിനെ വളയുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ പുറത്തുവരുന്നത്.

അപ്രതീക്ഷിതമായി പ്രിയതാരത്തെ മുന്നിൽ കണ്ട ആരാധകർ ആമിറിനരികിലേക്ക് ഓടിയെത്തുന്നതും സെൽഫികൾ പകർത്തുകയും ചെയ്യുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ഈ സ്നേഹപ്രകടനം. ഇതിൽ അസ്വസ്ഥനാവുന്നുണ്ടെങ്കിലും സെൽഫി പകർത്താനും മറ്റും താരം നിന്നുകൊടുക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ ഒരു കൊച്ചുകുഞ്ഞിനെ മാസ്ക് പോലും ധരിക്കാതെ ആമിർ എടുത്തു നിൽക്കുന്നുമുണ്ട്.

ടോം ഹാങ്ക്സ് നായകനായി 1994ൽ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാൽ സിംഗ് ഛദ്ദ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് കരീന കപൂറാണ്. പഞ്ചാബിലെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോ​ഗമിക്കുന്നതിന്റെ ഇടയിലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ സംഭവിക്കുന്നത്. ഇവിടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ മുൻനിർത്തിയാണ് സിനിമാസംഘം തുർക്കിയിലെത്തിയത്. ഈ വർഷം ക്രിസ്മസിന് പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു ലാൽ സിങ്ങ് ചദ്ദ. ആദ്യം ചിത്രീകരണം തീർക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും 2021 ക്രിസ്‍മസിനേ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തൂവെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

Content Highlights :Aamir Khan gets mobbed by fans in Turkey Lal Singh Chaddha Shooting Kareena Kapoor