സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ബോളിവുഡ് താരം ആമീര്‍ ഖാന്‍ കോട്ടയത്ത്. ബോളിവുഡ് ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ഷൂട്ടിങിന്റെ ഭാഗമായാണ് ആമീര്‍ കോട്ടയത്തെ ചങ്ങനാശേരിയിലെത്തിയത്. ടൗണിലൂടെ നടന്നു നീങ്ങുന്ന ആമീറിനെ കണ്ട് ജനക്കൂട്ടം അമ്പരന്നു. ആമീറിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. 

ചങ്ങനാശ്ശേരി എംസി റോഡിലും, ബൈപാസിലുമാണ് ആമീര്‍ ഖാനെയും സംഘത്തെയും കണ്ടത്. ടീ ഷര്‍ട്ടും തൊപ്പിയുമായിരുന്നു വേഷം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആമീറിനൊപ്പം സുരക്ഷാ ഉദ്യേഗസ്ഥരുമുണ്ടായിരുന്നു. താരത്തെ തിരിച്ചറിഞ്ഞവരില്‍ പലരും അദ്ദേഹത്തോടൊപ്പം നടന്നു. ആമീര്‍ ജീ എന്ന വിളി ജനക്കൂട്ടത്തില്‍ നിന്നുയര്‍ന്നപ്പോള്‍ എല്ലാവരോടും കൈവീശിക്കാണിച്ച്, പുഞ്ചിരി സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. 

ടോം ഹാങ്ക്‌സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. അദ്വൈത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായിക.

Content Highlights: Aamir khan at Kottayam, changanassery, Advait Chandan Movie, Kareena Kapoor, for shooting Laal Singh Chaddha