വര്‍ക്കല: കടലും കായലും ഒരുമിക്കുന്ന കാപ്പില്‍ തീരത്തിന്റെ ചാരുതയാര്‍ന്ന ഫ്രെയിമില്‍ നായകനായി സൂപ്പര്‍താരം ആമിര്‍ഖാന്‍. കാപ്പിലിന്റെ തീരസൗന്ദര്യം ആസ്വദിച്ച് ഒരു പകല്‍ ആമിര്‍ഖാന്‍ ഷൂട്ടിങ്ങിനായി തീരത്ത് ചെലവഴിച്ചു.

ലാല്‍ സിങ് ഛഡ്ഡ എന്ന അദ്ദേഹം നായകനാകുന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ആമിര്‍ഖാനും സംഘവും ചൊവ്വാഴ്ച കാപ്പിലിലെത്തിയത്. കാപ്പില്‍ പാലത്തിലൂടെ ഓടിവരുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് കാപ്പില്‍ തീരത്തായിരുന്നു ചിത്രീകരണം. ബീച്ചിലൂടെ ഓടുന്ന സീനാണ് ക്യാമറയിലാക്കിയത്.

ആമിര്‍ഖാന്‍ ഷൂട്ടിങ്ങിനെത്തുന്നതറിഞ്ഞ് നൂറുകണക്കിന് ആരാധകരും നാട്ടുകാരും കാപ്പില്‍ പാലത്തിനു സമീപത്തെത്തി. രാവിലെ കൊല്ലത്തുനിന്നാണ് ആമിര്‍ഖാന്‍ ഉള്‍പ്പെടുന്ന സംഘമെത്തിയത്. കാറിലിരുന്ന താരം പിന്നീട് മേക്കപ്പിനായി കാരവാനിലേക്കു പോയി. 12 മണിയോടെ ഷൂട്ടിങ്ങിനു തയ്യാറായി പുറത്തിറങ്ങിയ ആമിറിനെ ആരാധകര്‍ ആര്‍പ്പുവിളിയോടെയാണ് എതിരേറ്റത്. താടിയും മുടിയും നീട്ടിവളര്‍ത്തി മുഴുകൈ മെറൂണ്‍ ടീഷര്‍ട്ടും ഷോര്‍ട്സുമായിരുന്നു വേഷം. തൊപ്പിയും ധരിച്ചിരുന്നു. കാത്തുനിന്ന ഓള്‍ കേരള ആമിര്‍ഖാന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പത്തോളം ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് താരത്തെ കാണാനെത്തിയത്.

തുടര്‍ന്ന് കാറിന്റെ മുന്‍സീറ്റിന്റെ ഭാഗത്തു കയറിനിന്ന് ഷൂട്ടിങ് കാണാനെത്തിയവരെ കൈവീശിക്കാണിച്ചു. ഇതോടെ ആരാധകരുടെ ആവേശം അണപൊട്ടി. പോലീസും സ്വകാര്യ സുരക്ഷാ അംഗങ്ങളും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് ഷൂട്ടിങ് കാണാനെത്തിയവരെ നിയന്ത്രിച്ചത്. ഷൂട്ടിങ് നടക്കുന്ന ഭാഗത്തേക്ക് ആരെയും പോകാന്‍ അനുവദിച്ചില്ല. ഉച്ചയ്ക്ക് ഊണാണ് താരം കഴിച്ചത്. ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നതിനും സമയം കണ്ടെത്തി.

ആമിര്‍ഖാന്‍ നിര്‍മിച്ച് അദ്വൈത് ചന്ദന്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിങ്ങാണ് കാപ്പിലില്‍ നടന്നത്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ചുവടുപിടിച്ചാണ് ഹിന്ദിയില്‍ ലാല്‍ സിങ് ഛഡ്ഡ എന്ന സിനിമ ഒരുക്കുന്നത്. മൂന്നാറില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം കാപ്പിലിലെത്തിയത്. നിരവധി സിനിമകളുടെ ചിത്രീകരണം കാപ്പില്‍ ഭാഗത്ത് നടന്നിട്ടുണ്ട്. എന്നാല്‍, ആമിര്‍ഖാനെപ്പോലെ പ്രമുഖ സൂപ്പര്‍താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആദ്യമായാണ് ഇവിടെ നടക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം കാപ്പില്‍ തീരത്തിന്റെ ഭംഗിയും ആവോളം ആസ്വദിച്ചാണ് താരം മടങ്ങിയത്. 

കൊല്ലത്തെ ചടയമംഗലത്തെ ജടായുപ്പാറയിലും ചിത്രീകരണത്തിന്റെ ഭാഗമായി നടനെത്തിയിരുന്നു. പാറമുകളിലെ ജടായു ശില്പത്തിന് ചുറ്റും ഓടുന്ന സീന്‍ ചിത്രീകരിച്ചശേഷം അദ്ദേഹം മടങ്ങി. 

മൂന്നാറിലെ ഷൂട്ടിങ്ങിനുശേഷമാണ് ആമീര്‍ ഖാന്‍ ജടായുപ്പാറയിലെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ജടായു എര്‍ത്ത് സെന്ററിലെത്തിയ താരത്തെ ജടായു ടൂറിസം മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജടായു ശില്പത്തിന്റെ സവിശേഷത കണ്ട അദ്ദേഹം ഇന്റര്‍നെറ്റില്‍ തിരഞ്ഞാണ് ഷൂട്ടിങ്ങിനായി ഈ സ്ഥലം തിരഞ്ഞെടുത്തത്.

ഷൂട്ടിങ് കഴിഞ്ഞ് ഒന്‍പതുമണിയോടെയാണ് അദ്ദേഹം വിനോദസഞ്ചാരകേന്ദ്രമായ വര്‍ക്കല കാപ്പിലിലേക്ക് പോയത്. അവിടെനിന്ന് കന്യാകുമാരിയിലേക്കും. 2020-ലെ ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Content Highlights : aamir khan actor at thiruvananthapuram for shooting lal singh chaddha