ആമിർ ഖാൻ | ഫോട്ടോ: എ.എഫ്.പി
സിനിമയിൽ നിന്ന് താത്ക്കാലികമായി ഇടവേളയെടുക്കുകയാണെന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാന്റെ വാക്കുകൾ തെല്ല് നിരാശയോടെയാണ് ആരാധകർ കേട്ടത്. എങ്കിലും നല്ലൊരു തിരക്കഥ വന്നാൽ എടുത്ത തീരുമാനം പിൻവലിച്ച് വീണ്ടും അഭിനയരംഗത്തേക്ക് പ്രിയതാരം എത്തുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ അഭിനയരംഗത്തേക്ക് അടുത്തൊന്നും മടങ്ങിവരില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണ് ആമിർ.
പഞ്ചാബി സിനിമയായ ജാട്ട 3-യുടെ ട്രെയിലർ ലോഞ്ചിലെത്തിയപ്പോഴാണ് ആമിർ ഖാൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയത്. ഇനി സിനിമ പ്രഖ്യാപിക്കാൻ കുറഞ്ഞത് ഒന്നര വർഷമെടുക്കുമെന്നും ആമിർ പറഞ്ഞു.
"എല്ലാവരും ആകാംക്ഷയിലാണെന്നറിയാം. അതുകൊണ്ടുതന്നെ ഒരുകാര്യം പറയാനാഗ്രഹിക്കുന്നു. അടുത്തൊന്നും ഒരു സിനിമ ചെയ്യുന്നില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ ഇതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. മാനസികമായി തയാറാകുമ്പോൾ ഉറപ്പായും ഞാനൊരു സിനിമ ചെയ്യും". ആമിർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സലാം വെങ്കി എന്ന ചിത്രത്തിലാണ് ആമിർ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. രേവതി സംവിധാനം ചെയ്ത ചിത്രത്തിൽ അതിഥിവേഷത്തിലാണ് അദ്ദേഹം എത്തിയത്. ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിലാണ് ആമിർ ഒടുവിൽ നായകനായി അഭിനയിച്ചത്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ പരാജയത്തിനുശേഷമാണ് ആമിർ കരിയറിൽ ഇടവേളയെടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആയിരുന്ന ചിത്രം ബോക്സ്ഓഫിസിൽ മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്.
Content Highlights: aamir khan about returning to film industry, aamir khan latest chat with medias
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..