മലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്. ഈ തിരക്കുകള്‍ മൂലമാണ് അദ്ദേഹം ആമിയില്‍ നിന്ന് പിന്‍മാറുന്നത്. 

പൃഥ്വിയുടെ പകരക്കാരനായി ചിത്രത്തില്‍ ടൊവിനോ എത്തുമെന്നാണ് സൂചനകള്‍. അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. 

മഞ്ജുവാണ് മാധവിക്കുട്ടിയായി എത്തുന്നത്. മുരളി ഗോപി മാധവ ദാസിന്റെ വേഷത്തിലെത്തുന്നു. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിട്ടാണ് ആമി ചിത്രീകരിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല നിര്‍ണായകമായ സംഭവങ്ങളും ഉരുത്തിരിഞ്ഞത് മുംബൈ ജീവിതത്തിലും കൊല്‍ക്കത്ത ജീവിതത്തിലുമാണ്. 

മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും അവരുമായി ബന്ധപ്പെടുന്ന ഒട്ടുമുക്കാല്‍ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഏറെക്കാലത്തെ ഗവേഷണവും അനുഭവജ്ഞാനവും ഒക്കെ കോര്‍ത്തിണക്കിയാണ് കമല്‍ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.