പുന്നയൂര്‍ക്കുളത്ത് ഓര്‍മകള്‍ പൂത്തുലഞ്ഞ നീര്‍മാതളത്തിന്റെ ചുവട്ടില്‍നിന്നു മാധവിക്കുട്ടിയുടെ ജീവിതം പകര്‍ത്തുന്ന 'ആമി'യ്ക്ക് തുടക്കമാകും.

വിവാദങ്ങള്‍ക്ക് വിരാമമിട്ട് ആമിയുടെ ചിത്രീകരണം 24-ന് തുടങ്ങുമെന്ന് സംവിധായകന്‍ കമല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജുവാര്യരാണ്.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലമാണ്. തുടര്‍ന്ന് രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും ചിത്രീകരണത്തിന്റെ അടുത്തഭാഗം. മാധവിക്കുട്ടിയാകുന്നതിന് ആവശ്യമായ മേക്ക് ഓവറുകള്‍ക്കായി മഞ്ജുവാര്യര്‍ക്ക് ശരീരഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് ചിത്രീകരണത്തിന് ഇടവേളനല്‍കുന്നത്.

ലീനമണിമേഖലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ കവയിത്രിയായ അവരെ മാധവിക്കുട്ടിയായി സങ്കല്പിച്ചിട്ടുപോലുമില്ല.

വിദ്യാബാലന്‍ പ്രോജക്ടില്‍നിന്നു പിന്മാറിയതുമായി ബന്ധപ്പെട്ട് മുന്‍പ് പറഞ്ഞതില്‍ കൂടുതലൊന്നും അറിയില്ല. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള മനസ്സും നിശ്ചയദാര്‍ഢ്യവുമുള്ള കലാകാരിയാണ് മഞ്ജുവാര്യര്‍. അതു കൊണ്ടുതന്നെ അവരില്‍നിന്നു ഇത്തരം അനുഭവമുണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.