ലയാള നാടക-സാഹിത്യ രംഗത്ത് വേറിട്ട വ്യക്തിത്വമായിരുന്നു എ ശാന്തകുമാര്‍. കര്‍ക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചരുത ചിലതൊക്കെ മറന്നുപോയി, കുരുടന്‍ പൂച്ച എന്നീ കൃതികളിലൂടെ നാടകപ്രേമികളുടെ ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി. രക്താര്‍ബുദത്തോട് മല്ലിട്ട് ശാന്തകുമാര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ഏതാനും കഥാപാത്രങ്ങള്‍ അനാഥമായി. ഇതെക്കുറിച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റും. 

ശാന്തകുമാറിന്റെ കുറിപ്പ് വായിക്കാം

എന്റെ ദമയന്തി, 
ഇന്നലെ രാത്രി ദമയന്തി എന്റെ അടുത്ത് വന്നു. ദമയന്തിയെ നിങ്ങളെ ഞാന്‍ പരിചയപെടുത്തിയിട്ടില്ല..നീണ്ടമുടിയഴകും മെലിഞ്ഞ മേനിയഴകും വട്ടമിഴികള്‍ക്കും അധരങ്ങള്‍ക്കും ചുറ്റും സങ്കടപ്പാടുകളുടെ കറുത്തചായങ്ങളും കഠിനമായികലര്‍ന്ന സര്‍പ്പസുന്ദരിയായിരുന്നു അവള്‍! അവള്‍ കിതച്ചും കരഞ്ഞുംകൊണ്ടും പറഞ്ഞു . നിങ്ങള്‍ നാടകമെഴുത്തുകാരന്‍ ഇവിടെ മരണത്തോട് കഥപറഞ്ഞ് മല്ലടിക്കുന്നു! നിങ്ങള്‍ അപൂര്‍ണ്ണമാക്കിയ നാടകം അവിടെ അനാഥമായി കിടക്കുന്നു. അപൂര്‍ണവും അനാഥവുമായ ആ നാടകത്തിലെ കഥാപാത്രമാണ് ഞാന്‍. നിങ്ങള്‍ അപൂര്ണമായി ഉപേക്ഷിച്ച എന്റെ ജീവിതം എന്താണ് ഞാന്‍ ചെയേണ്ടത്? എന്റെ ജീവിതാന്ത്യം എന്താണ്? നിങ്ങള്‍ തന്നെ ഉത്തരം പറയണം. അനേകം പുരുഷന്‍മാരുടെ ഗന്ധമേറ്റ ശാരീരമാണ് എനിക്കിപ്പോളുള്ളത്.  നിങ്ങള്‍ ഒന്നുമാത്രം ഇപ്പോള്‍ എന്നോട് പറഞ്ഞാല്‍ മതി. എന്തിനാണ് എന്റെ കൗമാരത്തിലെ കുപ്പിവളകാരനായ കാമുകനെ നിങ്ങള്‍ കാണാതാക്കിയത്?

നാടകൃകൃത്ത് എ ശാന്തകുമാര്‍ അന്തരിച്ചു.

എന്തിനാണ് കുനുകുന അക്ഷരങ്ങളുമായി വരുന്ന എന്റെ പോസ്റ്റ് മാന്‍ ചന്ദ്രേട്ടനെ എന്റെ ജീവിതത്തില്‍ നിന്നും തട്ടിപറച്ചത്? എന്തിനാണ് എ കെ ജി യെ വെല്ലുന്ന ജീവിതം ജീവിച്ചുതീര്‍ക്കണമെന്ന് വാശിപിടിച്ച സഖാവ്  കെ കെ സത്യന്റെ  പ്രണയം എന്റെ ജീവിതത്തില്‍നിന്നും തട്ടിപറച്ചെടുത്തത്? ഇവരെ ഒക്കെ നിരന്തരം പ്രണയിച്ചുകൊണ്ടിരുന്ന എന്റെ ആ കൗമാര പ്രണയങ്ങള്‍ എന്തിനാണ് നിങ്ങള്‍ നഷ്ടപ്പെടുത്തിയത് ? എനിക്ക് അതിന് ഉത്തരം കിട്ടിയേ തീരു എന്നുപറഞ്ഞ് അവള്‍ എന്റെ മുന്നില്‍ ഇരുന്നു. ഞാന്‍ കണ്ണുതുറന്നപ്പോള്‍ മുന്നില്‍ നഴ്‌സ് ബ്ലഡ് കയറ്റുന്നു സമയം രണ്ട് മണി ഹേമറ്റോളജി വാര്‍ഡ്.

Content Highlights: A Santhakumar Playwright Drama Director Last facebook post Damayanthi unfinished character