ചെന്നൈ: ചെക്ക് മടങ്ങിയ കേസില്‍ നടന്‍ ശരത്കുമാര്‍, നടി രാധിക ശരത്കുമാര്‍, മലയാളിയായ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരേ ചെന്നൈ അതിവേഗ കോടതിയുടെ അറസ്റ്റ് വാണ്ട്.

സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കേസ്. രാധികയും ലിസ്റ്റിനും ചേര്‍ന്ന് മാജിക് ഫ്രെയിംസ് എന്ന ബാനറില്‍ ചെന്നൈയില്‍ ഒരു നാള്‍ (മലയാള ചിത്രം ട്രാഫിക്കിന്റെ തമിഴ് റീമേക്ക്), മാരി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു. ഈ സിനിമകളുടെ നിര്‍മാണത്തിനായി റേഡിയന്‍സ് മീഡിയ ഹൗസില്‍ നിന്ന് രണ്ട് കോടി രൂപ കടം വാങ്ങിയിരുന്നു. കമ്പനിക്ക് രാധിക നല്‍കിയ ചെക്കുകളാണ് മടങ്ങിയത്. തുടര്‍ന്നാണ് റേഡിയന്‍സ് മീഡിയ പോലീസില്‍ പരാതി നല്‍കിയത്. 

കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 28 ന് മൂവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ഹാജരാകാതിരുന്നതിനെ തുടർന്നാണ്  സൈദാപ്പേട്ടിലെ അതിവേഗ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യമെടുക്കാന്‍ സാധിക്കുന്ന വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ജൂലൈ 12 നാണ് കോടതി ഇനി കേസ് പരിഗണിക്കുക.

Content Highlights: A Fast Track Court Issue bailable warrant against R Sarathkumar, Radhika Sarathkumar listin stephen