ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ മൂർച്ചയുള്ള പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നവര്‍ക്ക് കയ്യടിയും സ്വീകരിച്ചവര്‍ക്ക് നീട്ടിയൊരു തുപ്പും എന്നാണ് ലിജോ ജോസ് പ്രതികരിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലിജോയുടെ പ്രതികരണം. തൊഴുത്തില്‍കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്നും ലിജോയുടെ കുറിപ്പില്‍ പറയുന്നു. ആരെയും പേരെടുത്ത് പറയ്യാതെയാണ് ലിജോയുടെ വിമര്‍ശനം.
ലിജോയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും. പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. കാറി നീട്ടിയൊരു തുപ്പ് മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത്.
ഉരുക്കിന്റെ കോട്ടകള്‍, ഉറുമ്പുകള്‍ കുത്തി മറിക്കും. കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം, പൊടിപൊടിയായ് തകര്‍ന്നമരും. അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം .
പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയുള്ളൂ എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫഹദ് ഫാസില്‍, പാര്‍വതി, എന്നീ മലയാളി താരങ്ങളടക്കം എഴുപതോളം ജേതാക്കള്‍ പുരസ്‌കാരച്ചടങ്ങ് ബഹിഷ്‌കരിച്ചത്. എന്നാല്‍ ആദ്യം വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറാനായി തയ്യാറാക്കിയ പരാതിയില്‍ ഒപ്പുവച്ച യേശുദാസും ജയരാജും അവസാന നിമിഷം തീരുമാനം മാറ്റി ചടങ്ങില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
Content Highlights : 65th National Award Controversy boycott Awards jayaraj yesudas fahad parvathy lijo jose pellissery