മുംബൈ: സിനിമയിലഭിനയിക്കാന്‍ പണം കണ്ടെത്താന്‍ സിനിമാ സ്റ്റൈല്‍ തട്ടിപ്പുമായി മൂവര്‍ സംഘം. അഞ്ചു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട യുവാക്കള്‍ പോലീസിന്റെ പിടിയിലായി. മുകേഷ് സാകത് (20), മുകേഷ് രജ് പുത് (19), ഭവേഷ് ബോയിര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. മുഖ്യ പ്രതിയായ മുകേഷ് സാകതിന്റെ പരിചയത്തിലുള്ള ഒരു കുടുംബത്തിലെ അംഗമാണ് അഞ്ച് വയസ്സുകാരന്‍. കൂട്ടുകാരുടെ സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും മോചന ദ്രവ്യമായി ആറ് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചപ്പോള്‍ പോലീസിനെ ഭയന്ന സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 

റോഡരികില്‍ നിന്ന് കുട്ടിയെ കണ്ടെടുത്ത പോലീസ് മാതാപിതാക്കളെ ഏല്‍പ്പിച്ചു. പണം നല്‍കിയാല്‍ ബോളിവുഡില്‍ അവസരം നല്‍കാമെന്ന് ഒരാള്‍ പറഞ്ഞതായും ഈ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും യുവാക്കള്‍ പോലീസിനോട് പറഞ്ഞു.