27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലോഗോ
27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ ഒൻപതിന് തിരുവനന്തപുരത്ത് തിരി തെളിയും. എട്ടു ദിവസത്തെ മേളയിൽ ഇത്തവണ 15 തിയേറ്ററുകളിലായി 185 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്.
ലോക സിനിമയിൽ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവചിത്രങ്ങളും യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകർഷണം. സെർബിയയിൽ നിന്നുള്ള ആറുചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് , ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കൺട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. എഫ് ഡബ്ലിയൂ മുർണോ, എമിർ കുസ്റ്റുറിക്ക, ബേലാ താർ, അലഹാന്ദ്രോ ഹോഡറോവ്സ്കി, പോൾ ഷ്രെഡർ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പ്രത്യേക പാക്കേജുകൾ, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇത്തവണ സെർബിയൻ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ്, ടി പി രാജീവൻ തുടങ്ങിയവർക്ക് മേളയിൽ ആദരമർപ്പിക്കും. ലോകപ്രസിദ്ധ സംവിധായകരായ ഹോംഗ് സാങ്സു, ബഹ്മാൻ ഗൊബാഡി, ഹിറോഖാസു കൊറീദ, ഇറാനിയൻ സംവിധായകനായ ജാഫർ പനാഹി, കൊറിയൻ സംവിധായകൻ കിം-കി-ഡുക്ക് തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. സിനിമാക്കാഴ്ചകൾക്കൊപ്പം സംഗീത നിശകൾക്കും വേദിയൊരുക്കുന്ന ചലച്ചിത്ര മേള ഡിസംബർ 16 ന് സമാപിക്കും
Content Highlights: 27th iffk from december 9 to 16 iffk, 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..