ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേളയ്ക്ക് തിരി തെളിയുന്നു.


സുരേഷ് നെല്ലിക്കോട്

സെപ്റ്റംബര്‍ എട്ടിനാരംഭിക്കുന്ന രാജ്യാന്തരചലച്ചിത്രോത്സവം 18 ന്‌ അവസാനിക്കും.

സത്യജിത് റായുടെ അഗാണ്ടക് എന്ന ചിത്രത്തിൽ നിന്നൊരുരംഗം

തിരുവോണദിവസം ആരംഭിക്കുന്ന നാല്പത്തേഴാമത് ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു തിരി തെളിയുമ്പോള്‍ ഇക്കുറി തെന്നിന്ത്യന്‍ പ്രാതിനിധ്യം തീരെയില്ല. തിരഞ്ഞെടുക്കപ്പെട്ട 250 നോടടുത്ത ചലച്ചിത്രങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആറു ചിത്രങ്ങളില്‍ ഒന്നുപോലും തെന്നിന്ത്യയില്‍ നിന്നില്ല എന്നത് ശ്രദ്ധേയമാകുന്നു. ശേഖര്‍ കപൂറിന്‍റെ വാട്ട്സ് ലവ് ഗോട്ട് റ്റു ഡൂ വിത്ത് ഇറ്റ്? (What's Love Got To Do With It?), നന്ദിത ദാസിന്‍റെ സ്വിഗാറ്റൊ (Zwigato), ശുഭം യോഗിയുടെ കച്ചേ ലിംബു (kacchey Limbu), റീമ ദാസിന്‍റെ ടോറാസ് ഹസ്ബന്‍ഡ് (Tora's Husband), നിഷ പഹൂജയുടെ റ്റു കില്‍ എ ടൈഗര്‍ (To Kill A Tiger), വിനയ് ശുക്ലയുടെ വൈല്‍ വി വാച്‌ഡ് (While We Watched) എന്നീ ചിത്രങ്ങളാണ്‌ ഇന്ത്യയില്‍ നിന്നുള്ളവ.

വാട്ട്സ് ലവ് ഗോട്ട് റ്റു ഡൂ വിത്ത് ഇറ്റ്?

'എലിസബത്ത്', 'ബാന്‍‌ഡിറ്റ് ക്വീന്‍' എന്നീ വിഖ്യാതചിത്രങ്ങള്‍ സം‌വിധാനം ചെയ്തിട്ടുള്ള ശേഖര്‍ കപൂറിന്‍റെ ഏറ്റവും പുതിയ ചിത്രമാണിത്. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഒരു പാക്കിസ്ഥാനി കുടുംബത്തിന്‍റെ കഥപറയുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇംഗ്‌ളിഷ് അഭിനേത്രിയായ എമ തോം‌സണോടൊപ്പം ശബാന ആസ്‌മിയും അഭിനയിക്കുന്നു. ജെമീമ ഖാന്‍ തിരക്കഥയെഴുതിയ ചിത്രത്തിന്‍റെ അഞ്ച് പ്രദര്‍ശനങ്ങള്‍ മേളയിലുണ്ടായിരിക്കും.

സ്വിഗാറ്റൊ

കോവിഡ് കാലത്ത് ഒരു ഫാക്ടറിയിലെ ഫ്ലോര്‍ മാനേജര്‍ ജോലി നഷ്ടപ്പെടുന്ന മാനസ് എന്നയാളുടേയും അയാളുടെ ഭാര്യയായ പ്രതിമയുടേയും അതിജീവനത്തിന്‍റെ കഥയാണ്‌ നന്ദിത ദാസ് 'സ്വിഗാറ്റോ'യിലൂടെ പറയുന്നത്. ജോലി നഷ്ടമാകുമ്പോള്‍ ഫുഡ്-ഡെലിവെറി ആപ് ആയ സ്വിഗാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്യാന്‍ തയ്യാറാകുന്ന മാനസിന്‍റെ വേഷമിടുന്നത് പ്രശസ്ത ഹാസ്യതാരം കപില്‍ ശര്‍മ്മയാണ്‌. പ്രതിമയായി ഷഹാന ഗോസ്വാമിയും. മുന്‍ ചിത്രങ്ങളായ 'ഫിറാക്കും' 'മാന്‍റോയും നേരത്തേ ടൊറോന്‍റോ മേളയില്‍ ഇടം പിടിച്ചതുവഴി നന്ദിത ഇവിടുത്തെ സിനിമാലോകത്തിനു സുപരിചിതയാണ്‌. വിവിധദിവസങ്ങളിലും വേദികളിലുമായി ചിത്രത്തിന്‍റെ അഞ്ച് പ്രദര്‍ശനങ്ങള്‍ ടൊറോന്‍റോയിലുണ്ടാവും.

സ്വിഗാറ്റോയിൽ നിന്നൊരു രംഗം | ഫോട്ടോ: TIFF 2022

കച്ചേ ലിംബു

അഭിഭാഷകനായതിനുശേഷം, 'ബര്‍ഫി'യുടെ സം‌വിധാനസഹായിയായി സിനിമയിലേയ്ക്കു വന്ന ശുഭം യോഗിയുടെ ആദ്യചിത്രമാണ്‌ 'കച്ചേ ലിംബു'. ഒരേവീട്ടില്‍ താമസിച്ചുകൊണ്ട് രണ്ടു വ്യത്യസ്ത ക്രിക്കറ്റ് ടീമുകള്‍ക്കു വേണ്ടി ജോലിചെയ്യേണ്ടിവരുന്ന സഹോദരിയുടേയും സഹോദരന്‍റേയും കുടുംബപ്രശ്നങ്ങളാണ്‌ കച്ചേ ലിംബു പറയുന്നത്. രാധിക മദനും രജത് ബര്‍മേച്ചയും പ്രധാന വേഷങ്ങളില്‍ വരുന്ന ചിത്രത്തിന്‍റെ ശബ്ദസന്നിവേശം നിര്‍‌വ്വഹിച്ചിരിക്കുന്നത് അഭിഷേക് നായരാണ്‌. ഈ സിനിമയുടെ അഞ്ച് പ്രദര്‍ശനങ്ങളാണുള്ളത്.

ടോറാസ് ഹസ്ബന്‍ഡ്

കോവിഡ് കാലത്തെ അടച്ചുപൂട്ടലുകളില്‍ ജീവിതം വഴിമുട്ടിപ്പോയ ഒരു കുടുംബത്തിന്‍റെ കഥയാണ്‌ , അസമീസ് സം‌വിധായികയായ റിമ ദാസ് ഈ ചിത്രതിലൂടെ പറയുന്നത്. റിമയുടെ 'വില്ലെജ് റോക്സ്റ്റാര്‍', 'ബുല്‍ബുല്‍ കാന്‍ സിങ്' എന്നീ മുന്‍‌ചിത്രങ്ങള്‍ ടൊറോന്‍റോ മേളയില്‍ വന്നിട്ടുണ്ട്. റിമ തന്നെയാണ്‌ ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍‌വ്വഹിച്ചിരിക്കുന്നത്. അഭിജിത് ദാസും തരാലി കലീത ദാസും പ്രധാനവേഷങ്ങളില്‍ വരുന്ന ഈ ചിത്രത്തിന്‍റെ ആറു പ്രദര്‍ശനങ്ങള്‍ ടൊറോന്‍റോയിലുണ്ടാവും.

റിമ ദാസ് | ഫോട്ടോ: പി.ടി.ഐ

റ്റു കില്‍ എ ടൈഗര്‍

ദില്ലിയില്‍ ജനിച്ച് ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്ന നിഷ പഹൂജയുടെ വാര്‍ത്താചിത്രമാണ്‌, 'റ്റു കില്‍ എ ടൈഗര്‍'. ബോളിവുഡ് ബൗണ്ട്, ഡയമണ്ട് റോഡ്, ദ് വേള്‍‌ഡ് ബിഫോര്‍ ഹേര്‍ എന്നിവയാണ്‌ മുന്‍ ചിത്രങ്ങള്‍. 13 വയസ്സുമാത്രം പ്രായമുള്ള ഒരു പാവപ്പെട്ട പെണ്‍കുട്ടിക്കു നേരേയുണ്ടായ ലൈംഗികാതിക്രമത്തില്‍ നീതി തേടിപ്പോകുന്ന, ജാര്‍ഖണ്ഡിലെ ഒരു കുടുംബത്തിന്‍റെ കഥയാണ്‌ 'റ്റു കില്‍ എ ടൈഗര്‍' പറയുന്നത്. അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ അക്രമികളെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിലെത്തിക്കുന്ന ഒരു പതിവ് ആ സംസ്ഥാനത്തുണ്ട്. അത്, പിന്നീട് കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് വഴി തെളിക്കാറുമുണ്ട്. ആ പതിവിനെതിരേ പോരാടുകയാണ്‌ ഒരു കുടുംബം. ഛായാഗ്രഹണം : മൃണാള്‍ ദേശായ്. മേളയില്‍ ഈ ചിത്രത്തിന്‍റെ നാലു പ്രദര്‍‌ശങ്ങളുണ്ടാവും.

ടു കിൽ എ ടൈഗർ എന്ന ചിത്രത്തിൽ നിന്ന് | ഫോട്ടോ: TIFF 2022

വൈല്‍ വി വാച്ച്ഡ്

'ആന്‍ ഇന്‍‌സിഗ്‌നിഫിക്കന്‍റ് മാന്‍' എന്ന ഡോക്യു-ഫീച്ചറിലൂടെ പ്രശസ്തനായ സം‌വിധായകനാണ്‌ വിനയ് ശുക്ല. ഇന്ത്യന്‍ ചിത്രമാണെങ്കിലും ടെലിവിഷന്‍ മാധ്യമരംഗത്ത് ആഗോളവ്യാപകമെന്നോണം ചര്‍ച്ചയാകുന്ന ഒന്നാണ്‌ വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍. 'ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ജോലി അധികാരത്തിലിരിക്കുന്നവരോട് ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുകയാണ്‌' എന്നു വിശ്വസിച്ച രവീഷ്‌ കുമാര്‍ എന്ന ദില്ലിക്കാരന്‍റെ ജീവിതം പറയുകയാണ്‌ ഈ വാര്‍ത്താചിത്രം. രവീഷ് കുമാറിനൊപ്പം സൗരഭ് ശുക്ല, സുശീള്‍ മഹാപത്ര എന്നിവരും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ചിത്രത്തിന്‍റെ ശബ്ദസന്നിവേശം രംഗനാഥ് രവിയാണ്‌. അഞ്ചു പ്രദര്‍ശനങ്ങളാണ്‌ ഈ ചിത്രത്തിനുള്ളത്.

ചലച്ചിത്രലോകത്തിലേയ്ക്ക് ഇന്ത്യയുടെ എക്കാലത്തേയും അമൂല്യസംഭാവനയായ വിഖ്യാതസം‌വിധായകന്‍ സത്യജിത് റായ് യുടെ അവസാനചിത്രമായ 'ആഗന്തുകി'ന്‍റെ 4K യില്‍ വീണ്ടടുത്ത ഒരു പ്രത്യേകപ്രദര്‍ശനം മേളയില്‍ സൗജന്യമായി കാണാനുള്ള ഒരുക്കങ്ങളും ചെയ്തിട്ടുണ്ട്.

'കലയും വാണിജ്യവും സിനിമയില്‍' എന്ന വിഷയത്തില്‍ സ്വാനുഭവങ്ങള്‍ മുന്‍നിര്‍ത്തി സംസാരിക്കാന്‍ പ്രശസ്ത സം‌വിധായകന്‍ എസ്. എസ്. രാജമൗലി ചലച്ചിത്രോത്സവത്തിലുണ്ടാകും. സെപ്റ്റംബര്‍ എട്ടിനാരംഭിക്കുന്ന രാജ്യാന്തരചലച്ചിത്രോത്സവം 18 ന്‌ അവസാനിക്കും.

Content Highlights: 2022 Toronto International Film Festival, 250 movies in tiff 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented