കെ.വിജയകുമാർ, പ്രതീകാത്മക ചിത്രം | photo: special arrangements, mathrubhumi
സിനിമകൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്നതിനിടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുകൾക്ക് കൊടുക്കുന്നതിൽ പ്രതിഷേധവുമായി ഫിയോക്. വിഷയത്തിൽ സർക്കാർ നടപടിയെടുക്കണമെന്നാണ് ഫിയോക്കിന്റെ ആവശ്യം. പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ ഏഴ്, എട്ട് തീയതികളിൽ തിയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബോക്സോഫീസിൽ ജൂഡ് ആന്തണി ചിത്രം മികച്ച കളക്ഷൻ നേടി പ്രദർശനം തുടരുന്നതിനിടെ ഒ.ടി.ടി റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് പ്രതിഷേധം.
രണ്ട് ദിവസത്തേത് സൂചന പണിമുടക്കാണെന്നും അത് കഴിഞ്ഞ് 20 ദിവസത്തിനകം സർക്കാരിന്റെ ഭാഗത്ത് നിന്നോ ഇതുമായി ബന്ധപ്പെട്ട സംഘടനാതലത്തിലോ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ തിയേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും കെ. വിജയകുമാർ പറഞ്ഞു. നാല്പത്തിരണ്ടു ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്ന നിബന്ധന പാലിക്കാത്ത ഒരു നിർമ്മാതാവുമായും പിന്നീട് സഹകരിക്കില്ലെന്നും വിജയകുമാർ വ്യക്തമാക്കി.
'2018, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങൾ വിജയകരമായി തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനിടെ ഒ.ടി.ടിയിൽ കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ അലംഭാവം കാണിക്കുകയാണ്. ഏത് ചിത്രവും തിയേറ്റർ റിലീസിന് ശേഷം നിശ്ചിത കാലയളവ് കഴിഞ്ഞിട്ടേ ഒ.ടി.ടിയിൽ കൊടുക്കാവൂ എന്ന് സർക്കാർ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ സർക്കാർ ഇതുവരെ മുൻകെെ എടുത്തിട്ടില്ല. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെ ജൂൺ ഏഴ്, എട്ട് തീയതികളിൽ തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ സൂചന പണിമുടക്കാണ്. 20 ദിവസത്തിനകം സർക്കാരിന്റെ ഭാഗത്ത് നിന്നോ ഇതുമായി ബന്ധപ്പെട്ട സംഘടനാതലത്തിലോ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ തിയേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഈ രീതിയിൽ തിയേറ്ററുകൾ മുന്നോട്ട് കൊണ്ടുപോകാനാവില്ല. 2018, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങളുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത് മുതൽ ജനം പിൻവലിയാൻ തുടങ്ങി. ഒരിക്കലും ഒ.ടി.ടിക്ക് സമാന്തരമായി തിയേറ്ററുകൾ പ്രവർത്തിക്കാനാകില്ല. തിയേറ്ററുകളുടെ അനിശ്ചിതാവസ്ഥ മാറ്റാൻ സർക്കാർ മുൻകെെയെടുത്ത് മറ്റുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കണം. 2018 എന്ന ചിത്രം 150 കോടിക്ക് മുകളിൽ കളക്ട് ചെയ്തു. കുറച്ച് ദിവസം കാത്തിരുന്നെങ്കിൽ 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയേനെ. ആ അവസരമാണ് നഷ്ടപ്പെടുത്തിയത്. നിർമാതാവ് അൽപം കൂടി കാത്തിരുന്നെങ്കിൽ 100 ദിവസം തിയേറ്ററിൽ ഓടുന്ന ചിത്രമായി മാറിയേനെ', കെ. വിജയകുമാർ പറഞ്ഞു.
2018-ന്റെ ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക് തീരുമാനിച്ചതിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്തണി നേരത്തെ എത്തിയിരുന്നു. തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നുവെന്നും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് തനിക്കുള്ളതെന്നും ജൂഡ് ആന്തണി വ്യക്തമാക്കി. സോണി ലൈവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടുവെന്നും ഇതാരും മനഃപൂർവം ചെയ്യുന്നതല്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
Content Highlights: 2018 ott release theatres will be closed on wednesday and thursday says feuok
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..