പ്രതീകാത്മക ചിത്രം, 2018 പോസ്റ്റർ | PHOTO: MATHRUBHUMI, FACEBOOK/ 2018 MOVIE
കൊച്ചി: ജൂഡ് ആന്തണി ചിത്രം 2018-ന്റെ ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക്. ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക് അറിയിച്ചു. ഫിയോക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കരാർ ലംഘിച്ച് ‘2018’ നേരത്തെ ഒ.ടി.ടിക്ക് നൽകിയെന്നാണ് ആരോപണം. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. ‘2018’ ജൂൺ ഏഴിനാണ് ഒ.ടി.ടി റിലീസാകുന്നത്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. റെക്കോഡ് കളക്ഷനുമായി തിയേറ്ററിൽ മുന്നേറുന്നതിനിടെയാണ് 2018 ഒ.ടി.ടിയിലെത്തുന്നത്. ചിത്രം പുറത്തിറങ്ങി 33-ാം ദിവസമാണ് ഒ.ടി.ടി റിലീസ്.
സമരം നടക്കുന്ന ദിവസങ്ങളിൽ സിനിമ ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ അറിയിച്ചു. അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. പ്രദർശനം തുടരുമെന്നും സംഘടന വ്യക്തമാക്കി.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് 2018-ലെ പ്രധാനതാരങ്ങൾ. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹ തിരക്കഥ.
Content Highlights: 2018 ott release theatres will be closed on wednesday and thursday says feuok
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..