ഭാവന പങ്കുവെച്ച ചിത്രം
ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകളുമായി പ്രിയതാരം ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവമാണ് ഭാവന പങ്കുവെച്ചത്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ഇതിലും മികച്ച ഒരു അരങ്ങേറ്റം തനിക്ക് ലഭിക്കാനില്ല എന്നും സെറ്റിലെത്തിയ ആദ്യ ദിവസത്തെ ചിത്രം പങ്കു വെച്ചുകൊണ്ട് ഭാവന കുറിച്ചു.
'20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് നമ്മള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ ഞാനും ഭാഗമായത്. കമല്‍ സര്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ പരിമളമെന്ന തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചേരിനിവാസിയായ പെണ്‍കുട്ടിയായി. മേക്കപ്പു കഴിഞ്ഞതിനു ശേഷം ദേഷ്യം കൊണ്ടെന്റെ മുഖം ചുവന്നത് എനിക്കോര്‍മ്മയുണ്ട്. എന്നെ ആരും തിരിച്ചറിയില്ലല്ലോ എന്നോര്‍ത്തായിരുന്നു എന്റെ സങ്കടം. അന്ന് എന്റെ പ്രായത്തിന്റെ അപക്വത കൊണ്ട് ആ കഥാപാത്രത്തിന്റെ പ്രാധാന്യം എനിക്കു മനസ്സിലായില്ല. പക്ഷേ ഇന്നെനിക്കറിയാം സിനിമയില്‍ ഇതിലും നല്ലൊരു അരങ്ങേറ്റം എനിക്കു കിട്ടാനില്ല.
അന്നു മുതലുള്ള യാത്രയില്‍ നിരവധി വിജയങ്ങള്‍, പരാജയങ്ങള്‍, തടസങ്ങള്‍, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദം എന്നെ തേടിയെത്തി. അതാണ് ഇന്നത്തെ എന്നിലേക്ക് എന്നെ രൂപപ്പെടുത്തിയത്. ഇപ്പോഴും ഞാന്‍ നിരവധി കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്, എന്നെ സ്വയം തിരുത്തുകയാണ്. ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാവരോടും നന്ദിയുണ്ട്. ഒരു പുതുമുഖമായി സിനിമയിലെത്തുമ്പോള്‍ ഉണ്ടായിരുന്ന അതേ നന്ദിയോടെയും ഭയത്തോടെയും തന്നെയാണ് ഇപ്പോഴും ഓരോ ചുവടും ഞാന്‍ മുന്നോട്ടു വെക്കുന്നത്. മുന്നോട്ടുള്ള യാത്രയിലേക്കുള്ള ആവേശത്തിലാണു ഞാന്‍. കൂടാതെ, ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ എല്ലാവരും ഒരുപാട് മിസ് ചെയ്യുന്നു. ഫോട്ടോയില്‍ നിറഞ്ഞ ചിരിയോടെ നിക്കുന്ന എന്റെ അച്ഛനെ കാണാം. ആ ചിരിയും ഞാന്‍ ഇന്ന് വല്ലാതെ മിസ് ചെയ്യുന്നുണ്ട്.' ഭാവന കുറിച്ചു
ഭാവന പങ്കുവെച്ച ചിത്രത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഷൈന്‍ ടോം ചാക്കോയേയും ചിത്രത്തില്‍ കാണാം. അന്ന് കമലിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഷൈന്‍. ഒരു ബസ് യാത്രക്കാരന്റെ വേഷത്തിലൂടെ ഷൈന്‍ ആദ്യമായി സിനിമയിലെത്തിയതും നമ്മളിലൂടെയാണ്. പിന്നീട് 9 വര്‍ഷങ്ങള്‍ക്കു ശേഷം ഗദ്ദാമയിലൂടെയാണ് ഷൈന്‍ മുന്‍നിര വേഷത്തിലെത്തിയത്.
Content Highlights: 20 years of nammal movie, bhavana shared pictures of her first day on set, shine tom chacko
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..