ഉദ്ഘാടന ചിത്രമായ ബെയ്റൂട്ട് ദ ഐ ഓഫ് ദി സ്റ്റോമിൽ നിന്നൊരു രംഗം.
തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചിത്രമേളയിൽ (IDSFFK) പെൺകരുത്തിന്റെ പ്രതീക്ഷയായി 50 വനിതാ സംവിധായകരുടെ ചിത്രങ്ങൾ. ഉദ്‌ഘാടന ചിത്രം മുതൽ സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിലെ ചിത്രങ്ങൾ വരെ ഒരുക്കുന്ന കരുത്തുറ്റ പ്രതിഭകളാണ് മേളയിലെത്തുന്നത്.
രണ്ട് വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്ന 34 ഡോക്യുമെന്ററികളിൽ 11 ചിത്രങ്ങളുടെ സംവിധായകർ വനിതകളാണ്. ചെറു ഫിക്ഷൻ മത്സര വിഭാഗത്തിൽ അഞ്ചും ക്യാമ്പസ് ചലച്ചിത്ര വിഭാഗത്തിൽ ഒന്നും ഫോക്കസ് ലോങ്ങ് ഡോക്യൂമെന്ററി വിഭാഗത്തിൽ രണ്ടും ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ എട്ടും ഫോക്കസ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും വനിതകളാണ് ഒരുക്കിയിരിക്കുന്നത്.

മേളയുടെ ഉദ്ഘാടന ചിത്രം പലസ്തീനിയൽ സംവിധായിക മായ് മസ്രിയുടെ 'ബെയ്റൂട്ട് ദ ഐ ഓഫ് ദി സ്‌റ്റോം' ആയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അരുണ വാസുദേവിന്റെ ജീവിതത്തെ ആസ്പദമാക്കി സുപ്രിയ സുരി സംവിധാനം ചെയ്ത അരുണാ വാസുദേവ് മദർ ഓഫ് ദി നേഷൻ മേളയുടെ പ്രത്യേക വിഭാഗത്തിലുണ്ട്. സുമിത്ര ഭാവേയുടെ ചിത്രങ്ങളും ആദരസൂചകമായി മേളയിൽ എത്തുന്നു.
ഐഡിഎസ്എഫ്എഫ്കെയുടെ തുടക്കം മുതൽ മേളയിൽ സ്ത്രീ സാന്നിധ്യം ശക്തമാണെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണും ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോൾ പറഞ്ഞു. ഇന്ത്യയിലെ ഡോക്യുമെന്ററിയുടെ ചരിത്രം പരിശോധിച്ചാൽ തന്നെ അക്കാര്യം വ്യക്തമാകും. മെയിൻ സ്ട്രീം സിനിമയിൽ സ്ത്രീകൾക്ക് ഇടം കിട്ടാത്തതിനാലാണ് അവർ കൂടുതലായി ഡോക്യുമെന്ററികൾ ചെയ്യുന്നതെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു.
അതേസമയം, സിനിമാ രംഗത്ത് സ്ത്രീകൾക്ക് തുല്യത വേണമെന്ന് മേളയിലെ മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയിൽ പങ്കെടുത്ത സംവിധായകർ ആവശ്യപ്പെട്ടു. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഈ രംഗത്ത് പൊതുവേയുള്ളതെന്നും സ്ത്രീകളെ പുരുഷന്മാർക്കൊപ്പം കാണാനാകണമെന്നും സംവിധായകർ ചൂണ്ടിക്കാട്ടി.
കുട്ടികളിലെ ശാരീരിക മാറ്റങ്ങളെകുറിച്ചുള്ള അവബോധം വീടുകളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്നു ബംഗാളി സംവിധായിക മോപിയ മുഖർജി അഭിപ്രായപ്പെട്ടു. അതിലൂടെ ലിംഗസമത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് കുട്ടികൾക്ക് ലഭിക്കുമെന്നും അവർ വ്യക്തമാക്കി. സിനിമാ രംഗത്ത് സ്ത്രീ-പുരുഷ അനുപാതം സാധ്യമാക്കാൻ യുവ തലമുറയ്ക്ക് സാധിക്കണമെന്ന് യുവ സംവിധായകൻ റൂബൻ തോമസ് പറഞ്ഞു.
ഗ്രേസ് മേരി സുകന്യ, റോഹൻ മുരളീധരൻ, അമീൻ ബരീഫ്, ഫമീദ് അഹമ്മദ്, നിരഞ്ജ് മേനോൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Content Highlights : 13th International Documentary and Short Film Festival of Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..