അഭിഷേക് അഗർവാൾ, ആദിപുരുഷ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/abhishekofficl, www.facebook.com/UVCTheMovieMakers
പ്രഭാസ് നായകനാവുന്ന ആദിപുരുഷ് തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ സാഹചര്യത്തിൽ ദ കശ്മീർ ഫയൽസ്, കാർത്തികേയ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ അഭിഷേക് അഗർവാൾ നൽകിയ വാഗ്ദാനം വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ആദിപുരുഷിന്റെ 10,000 സൗജന്യ ടിക്കറ്റുകൾ താൻ നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
തെലങ്കാനയിലെ സർക്കാർ സ്കൂളുകൾ, ഓർഫനേജുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലേക്കാകും അഭിഷേക് അഗർവാൾ ആദിപുരുഷിന്റെ സൗജന്യ ടിക്കറ്റുകൾ നൽകുക. ഇതിനായുള്ള ഗൂഗിൾ ഫോം ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് അഭിഷേക് ഇക്കാര്യം അറിയിച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ചിത്രമാണ് ആദിപുരുഷ്. ഇത് ഓരോരുത്തരും ആഘോഷിക്കേണ്ടിയിരിക്കുന്നെന്നും ശ്രീരാമനോടുള്ള ഭക്തിയാണ് തന്നെ ഇതുചെയ്യാൻ പ്രേരിപ്പിച്ചതെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആദിപുരുഷ്. പ്രഭാസ് രാമനാകുന്ന ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. കൃതി സനോൺ സീതയായെത്തുന്നു. സണ്ണി സിംഗ് നിജ്ജർ ലക്ഷ്മണനായും ദേവദത്ത് നാഗ് ഹനുമാനായും വേഷമിട്ടിരിക്കുന്നു. അജയ്-അതുൽ ആണ് സംഗീത സംവിധാനം.
ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം. ജൂൺ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlights: Adipurush tickets, Adipurush Free tickets, Karthikeya 2 producer's noble gesture
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..