അനുരാ​ഗ് കശ്യപ്, അനിൽ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ട്രെയ്ലറിലെ ചില രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന.

ചിത്രത്തിലെ ചില രം​ഗങ്ങളിൽ  അനിൽ കപൂർ വ്യോമസേനയുടെ യൂണിഫോമിലെത്തുന്നുണ്ട്. ഈ യൂണിഫോം തെറ്റായാണ് ഉപയോ​ഗിച്ചിരിക്കുന്നതെന്നും ഭാഷ അനുചിതമാണെന്നും ഇന്ത്യൻ വ്യോമസേന പങ്കുവച്ച ട്വീറ്റിൽ പറയുന്നു. 

ഇത് ഇന്ത്യൻ സായുധ സേനയിലുള്ളവരുടെ പെരുമാറ്റ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ഈ രം​ഗങ്ങൾ പിൻവലിക്കണം. ട്വീറ്റിൽ‌ പറയുന്നു. 

ദുരൂഹതയുണർത്തുന്ന ട്രെയ്ലറാണ് ചിത്രത്തിന്റേതായി പുറത്ത് വന്നത്.  ബോളിവുഡ് താരം സോനം കപൂറിനെ കാണാനില്ല. സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താനാണ് അച്ഛനും നടനുമായ  അനിൽ കപൂറിന് ലഭിച്ച സന്ദേശം. എന്നാൽ മൂന്ന് നിബന്ധനകളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് പോലീസിനെ വിളിക്കാനാവില്ല. രണ്ട്, പുറത്ത് നിന്നുള്ള ആരെയും അന്വേഷമത്തിന് കൂട്ടാനാവില്ല. മൂന്ന്, ഒരു ക്യാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും... വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യങ്ങളെല്ലാം യഥാർഥത്തിൽ സംഭവിക്കുന്നതോ അതോ മുൻകൂട്ടി തയ്യാറാക്കിയ നാടകമോ? ഇതിന് പിന്നിൽ സംവിധായകൻ അനുരാ​ഗ് കശ്യപോ? 

ഈ ചോദ്യങ്ങളാണ് എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്ലർ പുറത്ത് വന്നപ്പോൾ മുതൽ പ്രേക്ഷകർ ചോദിക്കുന്നത്. ബോളിവുഡിൽ ഇതിനു മുമ്പ് ആരും ചിന്തിക്കാത്തൊരു പ്രമേയവുമായാണ് ചിത്രത്തിന്റെ വരവ്.

ഒരു പത്രസമ്മേളനത്തിനിടെ അനിൽ കപൂറും അനുരാ​ഗും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും അനിലിന്റെ മുഖത്തേയ്ക്ക് അനുരാഗ് ദേഷ്യത്തോടെ വെള്ളമൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. വിക്രമാദിത്യ മോട്‌വാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24 ന് ചിത്രം റിലീസ് ചെയ്യും

Content Highlights : ​Indian Air force against AK vs AK Trailer Anil Kapoor Anurag Kashyap Sonam Kapoor Vikramaditya Motwane Netflix Release