ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ബാഹുബലി-2വിനെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ അനില്‍ ശര്‍മ്മ. റിലീസ് ചെയ്തു ഇതുവരെ 1500 കോടിയോളം രൂപ നേടിയ ബാഹുബലി-2 ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ലെന്നും താന്‍ സംവിധാനം ചെയ്ത ഗദാര്‍: ഏക് പ്രേം കഥയുടെ മുന്നില്‍ ബാഹുബലി ഒന്നുമല്ലെന്നും അനില്‍ ശര്‍മ പറഞ്ഞു. 

2001ല്‍ സണ്ണി ഡിയോളിനെയും അമീഷാ പട്ടേലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് അനില്‍ ശര്‍മ ഗദാര്‍: ഏക് പ്രേം കഥ സംവിധാനം ചെയ്തത്. 'ഇതൊക്കെ ഓരോ സമയത്തും സംഭവിക്കുന്ന ഒന്നാണ്. 2001ല്‍ ഗദാര്‍ കലക്ട് ചെയ്തത് 265 കോടിയാണ്. ഇന്നത്തെ കണക്ക് വച്ച് നോക്കിയാല്‍ അത് അയ്യായിരം കോടി രൂപ വരും ' അനില്‍ പറഞ്ഞു.

' മികച്ച സിനിമകള്‍ വരുമ്പോള്‍ റെക്കോര്‍ഡുകള്‍ തകരും. എന്നാല്‍ ബാഹുബലി 2 വിനെ വച്ചുനോക്കുമ്പോള്‍ ആ ചിത്രം ഒരു റെക്കോര്‍ഡ് പോലും ഇതുവരെ തകര്‍ത്തിട്ടില്ല. 2001ലാണ് ഞാന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്. അന്ന് 25 രൂപയാണ് ഒരു ടിക്കറ്റിന്. അന്ന് എന്റെ സിനിമ 265 കോടി നേടി. ഇന്നത്തെ പണനിരക്കുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ഏകദേശം 5000 കോടി രൂപ. ബാഹുബലി 2 ഇപ്പോള്‍ 1500 ല്‍ എത്തിയിട്ടേ ഒള്ളൂ. അതുകൊണ്ട് ഈ സിനിമയെ ഇങ്ങനെ പുകഴ്ത്തി പറയേണ്ടതില്ല.'' അനില്‍ ശര്‍മ വ്യക്തമാക്കി.

മകന്‍ ഉത്കര്‍ഷിനെ നായകനാക്കിയാണ് അനില്‍ ശര്‍മ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്കര്‍ഷ് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത് ജീനിയസ് എന്നാണ്.