മോഹന്‍ലാലിന്റെ രണ്ടാമത്തെ കന്നഡ സിനിമ 'മൈത്രി'ക്ക് മികച്ച പ്രതികരണം. കന്നഡയിലെ പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ലവ് എന്ന ചിത്രത്തിലൂടെ 2005ല്‍ ആയിരുന്നു മോഹന്‍ലാലിന്റെ കന്നഡയിലെ അരങ്ങേറ്റം.

ഒരുവര്‍ഷംമുമ്പ് ബെംഗളൂരുവിലും മൈസൂരുവിലുമായി ചിത്രീകരിച്ച സിനിമ കുറച്ച് വൈകിയാണ് പ്രദര്‍ശനത്തിന് എത്തിയതെങ്കിലും പുനീതിന്റെ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതാണ് ചിത്രം. കന്നഡ സിനിമയിലെ അനശ്വരനടന്‍ രാജ്കുമാറിന്റെ മകനായ പുനീത് 'മൈത്രി'യില്‍ സൂപ്പര്‍താരം പുനീതായിട്ടാണ് അഭിനയിക്കുന്നത്. ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ സ്‌ക്രീനിലെത്തുന്നത്.

സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ നിറവേറ്റുക വലിയ ഉത്തരവാദിത്വമാണെന്ന് സംവിധായകന്‍ ഗിരിരാജ് ഷൂട്ടിങ് വേളയില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. തെലുങ്ക് നടി അര്‍ച്ചനയാണ് മൈത്രിയില്‍ മോഹന്‍ലാലിന്റെ നായിക. 32 വര്‍ഷംമുമ്പ് അസിസ്റ്റന്റ് ക്യാമറാമാനായി മലയാളത്തിലൂടെ സിനിമാരംഗത്തെത്തിയ എന്‍.എസ്. രാജ്കുമാറാണ് മൈത്രിയുടെ നിര്‍മാതാവ്. അതുല്‍ കുല്‍ക്കര്‍ണിയും പ്രധാന വേഷത്തിലെത്തുന്നു. ഇളയരാജയാണ് സംഗീതം.