കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് സംവിധായകന് മധുപാല്‍ രാജിവച്ചു. അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട ചലച്ചിത്രങ്ങളില്‍ രണ്ട് ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിനാലാണ് സമിതിയില്‍ നിന്ന് പിന്മാറുന്നതെന്ന് മധുപാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ഇക്കാര്യം വെള്ളിയാഴ്ച രാത്രി തന്നെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ രേഖാമൂലം അറിയിച്ചുവെന്നും മധുപാല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഞാന്‍ സഹകരിച്ച ചിത്രങ്ങള്‍ അവാര്‍ഡിന് പരിഗണനയ്ക്കു വരുമ്പോള്‍ സമിതിയില്‍ തുടരുന്നത് ധാര്‍മികതയല്ലെന്ന് തോന്നുന്നത് കൊണ്ടാണ് അതില്‍ നിന്ന് പിന്‍വാങ്ങുന്നത്-മധുപാല്‍ പറഞ്ഞു.
പ്രദീപ് ചൊക്ലിയുടെ പേടിത്തൊണ്ടന്‍, ബാബു നാരായണന്റെ ടു നൂറ വിത്ത് ലൗ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കാനായി സമിതിയുടെ മുന്‍പാകെ വരുന്ന മധുപാല്‍ അഭിനയിച്ച ചിത്രങ്ങള്‍.
കഴിഞ്ഞ വര്‍ഷം സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ നിര്‍ണയിക്കാനുള്ള സമതിയുടെ ചെയര്‍മാനായിരുന്ന മധുപാല്‍ ഇതാദ്യമായാണ് ചലച്ചിത്ര അവാര്‍ഡ് സമിതിയില്‍ അംഗമാകുന്നത്.
തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ചെയര്‍മാനായ പത്തംഗ സമിതിയില്‍ സംവിധായകരായ ഭദ്രന്, ബാലു കരിയത്ത്, സൗണ്ട് റെക്കോഡിസ്റ്റ് രഞ്ജിത്ത്, ക്യാമറാമാന് സണ്ണി ജോസഫ്, ഗായിക ഡോ.കെ.ഓമനക്കുട്ടി, നിര്‍മാതാവ് എം. ഹംസ എന്നിവര്‍ അംഗങ്ങളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..