മില്യണ്‍ വ്യൂസ് കടന്ന് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ യൊഹാനിയുടെ ഏറ്റവും പുതിയ ഗാനവും. ഇതിന്‍ ആദരേ... എന്നാരംഭിക്കുന്ന സിംഹളപ്രണയഗാനം റിലീസായി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ യൊഹാനിയുടെ ആരാധകരുള്‍പ്പെടെയുള്ള സംഗീതപ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രണയവും വിരഹവും നൊമ്പരവും അലയടിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത് യൊഹാനിയും ഹരിണി വീരസിംഗെയും ചേര്‍ന്നാണ്. ദിലഞ്ജന്‍ സെനെവിരത്‌നെയുടേതാണ് വരികള്‍. ദിലഞ്ജന്‍ സെനെവിരത്‌നെയാണ് ഗാനരംഗങ്ങളുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 

മനികെ മാഗെ ഹിതേ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനിലൂടെയാണ് യൊഹാനി ഡിലോക ഡിസില്‍വ  സാമൂഹികമാധ്യമങ്ങളില്‍ തരംഗമായത്. ഈയടുത്തകാലത്ത് ഇത്രയധികം ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ഗായിക ഇല്ലെന്നുതന്നെ പറയാം. രണ്ടാഴ്ച മുമ്പ് യൊഹാനിയുടെ ഒരു ബോളിവുഡ് ഗാനം റിലീസ് ചെയ്തിരുന്നു. 'ശിദ്ദത്ത്' എന്ന ചിത്രത്തിന് വേണ്ടി മനന്‍ ഭരദ്വാജ് ആലപിച്ച ടൈറ്റില്‍ സോങ്ങിന്റെ ഫീമെയില്‍ വേര്‍ഷനാണ് യൊഹിനിയുടേത്. യൊഹാനിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനോടകം തന്നെ 89 ലക്ഷത്തിലധികം വ്യൂസ് കടന്നിരിക്കുകയാണ്. ബോളിവുഡ് ഗാനങ്ങളോടുള്ള തന്റെ ഇഷ്ടം യൊഹാനി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. 

ഇതിനിടെ ഒരു ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയ യൊഹാനി സൂപ്പര്‍താരം സല്‍മാന്‍ഖാനെ തന്റെ മെഗാഹിറ്റ് ഗാനം മനികേ മാഗെ ഹിതേ പാടിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

 

 

 

Content Highlights: Yohani internet sensation new song Idhin adare released