മൂന്ന് പതിറ്റാണ്ടിനുശേഷം യേശുദാസിന്റെയും വാണി ജയറാമിന്റെയും സ്വരത്തില്‍ ഒരു യുഗ്മഗാനം ജനിക്കുന്നു. എബ്രിഡ് ഷൈനിന്റെ നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലാണ് ഇരുവരും ചേര്‍ന്ന് ഒരു ഗാനം ആലപിച്ചത്. പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ഗാനം ചിട്ടപ്പെടുത്തിയത് വലിയൊരു ഇടവേളയ്ക്കുശേഷം ചലച്ചിത്ര സംഗീത സംവിധാനരംഗത്ത് തിരിച്ചെത്തിയ ജെറി അമല്‍ദേവാണ്. പാട്ട് യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

1988ല്‍ പുറത്തിറങ്ങിയ ശംഖനാദത്തിലെ മന്ദാരക്കാറ്റില്‍ പടരും പൂങ്കാറ്റില്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചു പാടിയത്. ഈ പാട്ടിന് ഈണം നല്‍കിയതും ജെറി അമല്‍ദേവായിരുന്നു.

വീണേ നിന്നെ മീട്ടാന്‍, എന്‍ ജീവനില്‍, കരളിലെ കിളി പാടി, എന്‍ മാനസം, ദേവി ശ്രീദേവി, മഴക്കാലമേഘം, മുത്തുംമൂടി പൊന്നും, മഞ്ഞില്‍ ചേക്കേറും, മഞ്ചാടിക്കുന്നില്‍, പകല്‍ സ്വപ്‌നത്തിന്‍, ഉണരൂ ഉണരൂ ഉഷാദേവതെ, ഒന്നാനാം കുന്നിന്മേല്‍, സ്വര്‍ണമീനിന്റെ ചേലൊത്ത, കുറുമൊഴി മുല്ലപ്പൂവേ, പഞ്ചവര്‍ണക്കിളിവാന്‍, മാവിന്റെ കൊമ്പിലിരുന്നൊരു, ആയില്ല്യം പാടത്തെ പെണ്ണൈ എന്നിവയാണ് ഇവരുടെ ഹിറ്റ് ഗാനങ്ങള്‍.

നിവിന്‍ പോളി തന്നെ നായകനായ തന്റെ ആദ്യ ചിത്രമായ 1983ലും എബ്രിഡ് ഷൈന്‍ പഴയ സ്വരങ്ങളും പഴമയുടെ മധുരമുള്ള മെലഡിയും പരീക്ഷിച്ചിരുന്നു. അതിലെ ഹിറ്റ് ഗാനമായ ഓലഞ്ഞാലിക്കുരുവി പാടിയത് വാണി ജയറാമും ജയചന്ദ്രനും ചേര്‍ന്നാണ്. ഗോപിസുന്ദറാണ് ഗാനം ഒരുക്കിയത്. ചിത്രം ഫിബ്രവരി നാലിന് തിയ്യറ്ററുകളിലെത്തും.