ചെന്നൈ: കണ്ടുനിന്നവരുടെ മനസ്സ് മൂളിയത് 'കാട്ടുക്കുയില് മനസ്സുക്കുള്ളെ...' എന്ന പഴയ പാട്ടായിരിക്കണം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറങ്ങളില്‍ ചാലിച്ച ഉദാത്തമായ ഭാവഗീതം. 'ദളപതി'യിലെ ആ പ്രശസ്ത ഗാനത്തിന് ശബ്ദംനല്‍കിയ യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും വീണ്ടും ഒരുമിച്ചു. ചെന്നൈ വിജയാ ഗാര്‍ഡന്‍സില്‍. ഇത്തവണ പാട്ടുകാരായല്ല, ജ്യേഷ്ഠാനുജന്മാരായി. വേദിയിലെ ഇരിപ്പിടത്തില്‍ തൊഴുകൈയോടെ ജ്യേഷ്ഠന്‍; താഴെ നിലത്ത് ആ പാദങ്ങളില്‍ ശിരസ്സര്‍പ്പിച്ച് പ്രാര്‍ഥനാനിരതനായി അനുജന്‍. അപൂര്‍വസുന്ദരവും ഹൃദയസ്പര്‍ശിയുമായ ഒരു കൂടിച്ചേരല്‍.

''ഇതെന്റെ ദക്ഷിണയാണ്. സംഗീതജീവിതത്തില്‍ എനിക്കെന്നും ജ്യേഷ്ഠതുല്യനും മാര്‍ഗദര്‍ശിയുമായ ദാസ് അണ്ണനുള്ള എന്റെ എളിയ ഗുരുദക്ഷിണ.'' -യേശുദാസിന് പാദപൂജ അര്‍പ്പിച്ചശേഷം 'മാതൃഭൂമി'യോടു സംസാരിക്കവേ എസ്.പി.ബി. പറഞ്ഞു. അരനൂറ്റാണ്ടുമുന്‍പ് ഒരു ഡിസംബര്‍ 15-ന് എസ്.പി.ബി.യുടെ ആദ്യ ചലച്ചിത്രഗാനം പിറന്നുവീണത് ഇതേ സ്റ്റുഡിയോയിലെ റെക്കോഡിങ് ബൂത്തിലാണ്.

''സംഗീതജീവിതത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇവിടെ ഗുരുതുല്യരായ മൂന്നുപേര്‍ക്ക് പാദപൂജ നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. ജാനകിയമ്മയും സുശീലാമ്മയും ഹൈദരാബാദിലായതിനാല്‍ എത്താന്‍ പറ്റിയില്ല.

ദാസ് അണ്ണന്‍ ചെന്നൈയിലെ മാര്‍ഗഴി സംഗീതോത്സവത്തിന്റെ തിരക്കിലാണ്. എന്നിട്ടും എന്റെ അപേക്ഷ സ്വീകരിച്ച് അദ്ദേഹം എത്തി; ഭാര്യയോടൊപ്പം- എസ്.പി.ബി. പറയുന്നു.

സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട സംഗീതയാത്രയ്ക്ക് എസ്.പി.ബി. തുടക്കംകുറിച്ചത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14-നാണ്; ടൊറന്റോയിലെ ഗാനമേളയോടെ. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പാടുന്നുണ്ട്.

Yesudas and SPB

1960-കളുടെ അവസാനമാണ് എസ്.പി.ബി. ആദ്യമായി യേശുദാസിനെ കാണുന്നതും ആ ശബ്ദം ആസ്വദിക്കുന്നതും. ''മറീനാ ബീച്ചിനു സമീപമുള്ള യൂണിവേഴ്സിറ്റി സെന്റിനറി ഹാളില്‍ യേശുദാസിന്റെ ഗാനമേള കേള്‍ക്കാന്‍ എത്തിയതായിരുന്നു ഞാന്‍. ജനക്കൂട്ടത്തില്‍ ഒരാളായി ആ ശബ്ദമാധുരിയില്‍ മുഴുകി സ്വയംമറന്നുനിന്നത് ഓര്‍മയുണ്ട്.''

1970-കളുടെ തുടക്കത്തിലാണ് യേശുദാസിനൊപ്പം ആദ്യമായി എസ്.പി.ബി. ഒരു ഗാനം ആലപിക്കുന്നത് -'തങ്കത്തില്‍ വൈരം' എന്ന ചിത്രത്തിലെ 'എന്‍ കാതലീ യാര്‍ സൊല്ലവാ'. പില്‍ക്കാലത്ത് എസ്.പി.ബി.യുടെ സംഗീതത്തിലും യേശുദാസ് പാടി - 'സിഗരം' (1992) എന്ന ചിത്രത്തിലെ 'അഗരം ഇപ്പോ സിഗരം ആച്ച്.' ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ ദാസിനൊപ്പം സംഗീതപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യം.

''എന്നേക്കാള്‍ നാലോ അഞ്ചോ വര്‍ഷം മുന്‍പ് സിനിമയില്‍ കടന്നുവന്ന ആളാണ് ആദ്ദേഹം. പ്രായത്തിലും ജ്യേഷ്ഠന്‍. ഒരിക്കലും അദ്ദേഹവുമായി മത്സരിക്കേണ്ടിവന്നിട്ടില്ല. സംഗീതത്തിന്റെ വ്യാകരണമറിയാതെ പാട്ടുകാരനായ ആളാണ് ഞാന്‍. അദ്ദേഹമാകട്ടെ ശാസ്ത്രീയസംഗീതവും സിനിമാസംഗീതവും ഒരുപോലെ കൈകാര്യം ചെയ്യുന്ന സംഗീത സവ്യസാചിയും. ഇന്നലെ ആ പാദങ്ങളില്‍ നമസ്‌കരിക്കുമ്പോള്‍ എന്റെ കാതിലും മനസ്സിലും മുഴങ്ങിയത് ആ ഗന്ധര്‍വനാദമാണ്...'' -ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഇതിഹാസഗായകരില്‍ ഒരാളായ 70-കാരന്‍ എസ്.പി.ബി. വികാരാധീനനായി.