യേശുദാസിന്റെ പാട്ട് ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാവില്ല. പകരംവെക്കാനില്ലാത്ത ഒരാള്‍ ആരാണെന്നു ചോദിച്ചാല്‍ സംഗീതത്തെ സ്‌നേഹിക്കുന്ന മലയാളികളെല്ലാം പറയുന്നത് മറ്റാരുടെയും പേരായിരിക്കാനും വഴിയില്ല. ശബരിമല അയ്യപ്പനെ മാത്രമല്ല, ലക്ഷക്കണക്കിന് മലയാളികളെയും ഉണര്‍ത്തുന്നതും ഉറക്കുന്നതും ആ ഗന്ധര്‍വഗീതമാണ്. നിലാവും സൂര്യവെളിച്ചവും പ്രാണവായുവുംപോലെ യേശുദാസിന്റെ ശബ്ദവും പ്രകൃതിയുടെ ദിവ്യാനുഗ്രഹമായി നമ്മളില്‍ ചൊരിയുന്നു. ഇടര്‍ച്ചകളൊന്നുമില്ലാതെ എഴുപത്തഞ്ചാം വയസ്സിലും ആ ഗന്ധര്‍വസ്വരം  അമൃതവര്‍ഷം നടത്തുന്നത് നമ്മുടെ പുണ്യം.

ഭക്തി, പ്രണയം, വിരഹം, വിയോഗം എന്നിങ്ങനെ, നാനാതരം വികാരവിചാരങ്ങളുടെ ആവിഷ്‌കാരമായ ആ പാട്ടുകള്‍ കേള്‍ക്കാതെ ഒരു ശരാശരി മലയാളി ഒരുദിവസംപോലും കടന്നുപോകുന്നില്ല. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി മലയാളികള്‍ യേശുദാസിനെ നെഞ്ചിലേറ്റുന്നത് ആ സ്വരം ഒരു സാന്ത്വനമായതുകൊണ്ടുകൂടിയാണ്. അതുകൊണ്ടാണ് മണിമാളികയിലും ചെറ്റക്കുടിലിലും തെരുവോരത്തും ആ പാട്ടുകള്‍ ഒഴുകുന്നത്.
ഗാനഗന്ധര്‍വന് ലക്ഷോപലക്ഷം ആരാധകരുണ്ട്. അവരുടെ കൂട്ടത്തില്‍ ഒരാളാണെങ്കിലും കുറ്റിയാട്ടൂര്‍ ചട്ടുകപ്പാറയിലെ ഓട്ടോറിക്ഷാ തൊഴിലാളി റഹീം ഏറെ വ്യത്യസ്തനാണ്. റഹീം ഉറങ്ങുന്ന സമയമൊഴികെ എല്ലായ്‌പ്പോഴും യേശുദാസിന്റെ പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കും ഈ യുവാവിനെ സംബന്ധിച്ചിടത്തോളം യേശുദാസിന്റെ പാട്ടുകള്‍ ലഹരിയും സാന്ത്വനവുമാണ്.

മാണിയൂര്‍ യു.പി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ എന്നും പട്ടിണിയായിരുന്നു കൂട്ട്. ഉപ്പ മുഹമ്മദ് പലതരം കച്ചവടവുമായി പല സ്ഥലങ്ങളിലായിരുന്നു. ആ സമയത്തൊക്കെ പലപ്പോഴും സ്‌കൂളില്‍നിന്ന് കിട്ടുന്ന ഉപ്പുമാവ് മാത്രമായിരുന്നു ഭക്ഷണം. വീട്ടില്‍ വിശന്നിരിക്കുമ്പോള്‍ അയല്‍പക്കത്തെ മാണിക്കത്തിന്റെ വീട്ടില്‍ റേഡിയോ കേള്‍ക്കാന്‍ പോകും. ആ വീട്ടില്‍നിന്ന് കേട്ട, 'സഞ്ചാരി' എന്ന സിനിമയിലെ 'റസൂലെ നിന്‍ കനിവാലെ... എന്ന പാട്ടാണ് റഹീമിനെ യേശുദാസിന്റെ ആരാധകനാക്കിയത്. 1981ല്‍ പുറത്തിറങ്ങിയ സിനിമയിലെ ഈ പാട്ട് പാടിയതും സംഗീതം നല്കിയതും യേശുദാസ്. അഭിനയിച്ചത് കെ.പി.ഉമ്മര്‍.
കുടുംബം പട്ടിണിയായതോടെ നാലാംക്ലാസില്‍ പഠിപ്പുനിര്‍ത്തി. ഉമ്മ ആമിനയോടൊപ്പം റഹീമും കരിങ്കല്‍ ഉടയ്ക്കുന്ന പണിക്കിറങ്ങി. കുഞ്ഞിക്കൈകള്‍ കൊണ്ട് നുറുക്കിയെടുത്ത ജില്ലി വിറ്റുകിട്ടിയ തുക സ്വരൂപിച്ച് രണ്ട് ബാന്റുള്ള ഫിലിപ്‌സ് റേഡിയോ വാങ്ങി. ആ റേഡിയോ ശരീരത്തിന്റെ ഭാഗം പോലെയായി. എല്ലായ്‌പ്പോഴും യേശുദാസിന്റെ പാട്ടുകേള്‍ക്കാനായി പിന്നീടൊരു ടേപ്പ് റിക്കാര്‍ഡറും സ്വന്തമാക്കി.

പിന്നീട് യേശുദാസിന്റെ പാട്ടുകള്‍ ശേഖരിക്കുന്നതിലായി ശ്രദ്ധ. കരിങ്കല്ലുടച്ചും കല്ലുവെട്ടിയും ഹോട്ടല്‍പ്പണിയെടുത്തും സ്വരൂപിക്കുന്ന പണത്തിന്റെ നല്ലൊരുഭാഗം ഇതിനായി നീക്കിവെച്ചു. ആദ്യം കാസറ്റുകളിലാണ് പാട്ടുകള്‍ ശേഖരിച്ചിരുന്നത്. ഇപ്പോള്‍ സി.ഡി.യിലും പെന്‍ഡ്രൈവിലും.

1961ല്‍ പുറത്തിറങ്ങിയ 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിനുവേണ്ടിയാണ് യേശുദാസ് ആദ്യം പാടിയത്. 'ജാതിഭേദം മതദ്വേഷം.... എന്ന ശ്രീനാരായണ കീര്‍ത്തനം. എം.ബി.ശ്രീനിവാസന്‍ സംഗീതം നല്‍കിയ ഈ പാട്ടുമുതല്‍ ഇതുവരെ യേശുദാസ് പാടിയ അരലക്ഷത്തില്‍പ്പരം പാട്ടുകള്‍ റഹീമിന്റെ ശേഖരത്തിലുണ്ട്. മറ്റു ഗായകരുടെയെല്ലാം കൂടി ഒരു ലക്ഷത്തിലേറെ പാട്ടുകള്‍. അയ്യായിരത്തോളം കാസറ്റുകളിലും മൂവായിരത്തോളം സി.ഡി.കളിലുമാണ് ഈ പാട്ടുകള്‍ ശേഖരിച്ച് സൂക്ഷിച്ചിട്ടുള്ളത്. ഈ പാട്ടുകളെല്ലാം റഹിം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ഈ പാട്ടുകളെല്ലാം പെന്‍ഡ്രൈവിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
'നാടോടിക്കാറ്റി'ലെ 'വൈശാഖ സന്ധ്യേ..,' തമ്മില്‍ തമ്മിലെ 'ഹൃദയം ഒരു വീണയായ്.. എന്നീ പാട്ടുകളാണ് റഹീമിന് ഏറെയിഷ്ടം.

യേശുദാസിനെ കാണണമെന്ന ആഗ്രഹം സഫലമായത് സംഗീതസംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു രാഘവന്‍ മാസ്റ്റര്‍ മരിക്കുന്നതിന് മൂന്നുവര്‍ഷംമുമ്പ്. യേശുദാസ് രാഘവന്‍ മാസ്റ്ററെ കാണാന്‍ വരുന്നതറിഞ്ഞ് റഹിം അവിടെയെത്തി. അവിടെയുള്ളവരോട് പറഞ്ഞ് കാണാനുള്ള അനുവാദം തരപ്പെടുത്തി. യേശുദാസിനെ കണ്ടയുടനെ റഹിം കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു. ഗാനഗന്ധര്‍വന്‍ ആ അജ്ഞാതനായ ആരാധകനെ എഴുന്നേല്പിച്ച് അനുഗ്രഹിച്ചു. പേരും കാര്യങ്ങളും ചോദിച്ചറിഞ്ഞു. പിന്നെയും രണ്ടുതവണ ഇതേ വീട്ടില്‍വെച്ചുതന്നെ റഹിം യേശുദാസിനെ കണ്ടു. പിന്നീട് കണ്ടപ്പോള്‍ റഹീമിനെ യേശുദാസ് തിരിച്ചറിഞ്ഞു. പിറന്നാളായ ജനവരി 10ന് യേശുദാസ് കൊല്ലൂരില്‍ എത്താറുണ്ട്. യേശുദാസിനെ കാണാനായി റഹീമും ഈ ദിവസം കൊല്ലൂരിലെത്തും. ഇപ്പോള്‍ ഈ ആരാധകനെ യേശുദാസിന് നല്ല പരിചയമായി. കഴിഞ്ഞതവണ വന്നപ്പോള്‍ ക്ഷേത്രമുറ്റത്തുനിന്ന് യേശുദാസിന്റെ ചെരിപ്പ് തിരഞ്ഞുപിടിച്ചെടുത്തുകൊടുത്തത് റഹീമായിരുന്നു. ആ ചെരിപ്പ് സ്പര്‍ശിക്കാന്‍ കഴിഞ്ഞതുപോലും ഒരു ഭാഗ്യമായി റഹീം കരുതുന്നു. റഹീം ഓടിക്കുന്ന കെ.എല്‍. 59 എഫ്. 2432 ഓട്ടോയുടെ പേര് 'ഗാനം' എന്നാണ്. റഹീമിന് ഇഷ്ടപ്പെട്ട യേശുദാസിന്റെ ചില പാട്ടുകളുടെ വരികള്‍ ഓട്ടോറിക്ഷയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. യേശുദാസിന്റെ ഫോട്ടോകളും.

പാട്ടുകേട്ട് യാത്രപോകാന്‍ ഇഷ്ടപ്പെടുന്ന പലരും പതിവായി റഹീമിന്റെ ഓട്ടോ പിടിക്കാറുണ്ട്. പ്രത്യകിച്ചും ക്ഷേത്രങ്ങളിലും മറ്റും പോകുന്നവര്‍. അവര്‍ക്ക് ഭക്തിഗാനങ്ങള്‍ വെച്ചുകൊടുക്കും. റഹീം യാത്രക്കാരുമായി പതിവായിപ്പോകുന്ന സ്ഥലമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര. മുത്തപ്പനെ റഹീമിനും വിശ്വാസമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും എല്ലാ ദൈവങ്ങളെയും വിശ്വസിക്കുകയും ചെയ്യുന്ന റഹീമിന് ഹിന്ദുഭക്തിഗാനങ്ങളാണ് കൂടുതല്‍ ഇഷ്ടം. യേശുദാസിന്റെ പാട്ടുകള്‍ പോലെ, അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകളും മഹത്തരമാണെന്ന് റഹിം പറയുന്നു. 'ഏറ്റവും കൂടുതല്‍ ഹിന്ദു ഭക്തിഗാനങ്ങള്‍ പാടിയിട്ടുള്ളത് ജന്മംകൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ്. യേശുദാസ് പാടുന്ന 'ഹരിവരാസനം.. കേട്ടാണ് ശബരിമല ധര്‍മശാസ്താവ് പള്ളിയുറങ്ങുന്നത്. ഇതില്‍പ്പരം ഭാഗ്യം യേശുദാസിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും പിന്നെന്താണ്..' റഹീം ചോദിക്കുന്നു. യേശുദാസിനെ കാണാന്‍ വരുന്ന പത്താം തീയതിയും റഹീം കൊല്ലൂരില്‍ പോകും.

യേശുദാസിന്റെ വീട്ടില്‍ കുടുംബത്തോടോപ്പംപോയി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഫോട്ടൊയെടുക്കണമെന്നാണ് ഇനി റഹീമിന്റെ ആഗ്രഹം. സഹീനയാണ് റഹീമിന്റെ ഭാര്യ. റഹീന, റിഫ എന്നിവര്‍ മക്കള്‍.