സംഗീത സംവിധായകന്‍ ഇളയരാജയുമായ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് കെ ജെ യേശുദാസ്. രാജ അണ്ണ എന്നാണ് ദാസിനെ വിളിക്കുക. എങ്കിലും അദ്ദേഹം ഒരിക്കല്‍ പകര്‍പ്പാവകാശവിവാദത്തെ ചൊല്ലി എസ് പി ബിയുടെ ഗാനമേള നിര്‍ത്തിച്ചതു തന്നെ ഒരുപാടു വേദനിപ്പിച്ചുവെന്നും അതു മനസില്‍ ഒരു മുറിവായി അവശേഷിക്കുകയാണെന്നും വെളിപ്പെടുത്തുകയാണ് യേശുദാസ്. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിനിടയിലാണ് ഗായകന്‍ ഇക്കാര്യം പറഞ്ഞത്.

സ്വന്തം ഈണങ്ങള്‍ക്കു പകര്‍പ്പാവകാശം വേണമെന്നു പറഞ്ഞാണ് എസ് പി ബിക്കു രാജ നോട്ടീസയച്ചത്. ഇളയരാജയും എസ് പി ബാലസുഹ്രമണ്യവും വളരെ അടുത്ത സുഹൃത്തുക്കളാണ്. എങ്കിലും രാജയുടെ ഈ പ്രവൃത്തി എന്ന ഒരുപാടു വേദനിച്ചു. അതൊരു മുറിപ്പാടായി മനസില്‍ അവശേഷിക്കുന്നു.

വിവാദത്തെക്കുറിച്ച് യേശുദാസിന്റെ പ്രതികരണമിങ്ങനെ. വിദേശത്തൊക്കെ ഗായകനും സംഗീത സംവിധായകനും രചയിതാവുമെല്ലാം ഒരേ ആള്‍ തന്നെയാണ്. നമ്മുടെ രാജ്യത്ത് കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഇവരെക്കൂടാതെ പാട്ടു കമ്പോസിങ്ങിനു സഹായിക്കാന്‍ ഒരുപാടാളുകള്‍ ഉണ്ടാകും. ഒരു വലിയ കൂട്ടായ്മയുടെ പരിശ്രമഫലമാകുന്ന കാര്യത്തിന് എങ്ങനെ ഒരാള്‍ക്കു മാത്രം പകര്‍പ്പാവകാശം നല്‍കാനാവും?  തന്റെ പാട്ടുകള്‍ പാടുന്ന ഗായകര്‍ അദ്ദേഹത്തിന് പണം നല്‍കാനാണ് പറയുന്നത്. ഗായകരാണ് പാട്ടുകള്‍ പ്രശസ്തമാക്കുന്നത്. ആര്‍ക്കും നിഷേധിക്കാനാവാത്ത കാര്യമാണത്. സംഗീത സംവിധായകര്‍ തന്നെ പാട്ടുകളെല്ലാം പാടി ഹിറ്റാക്കാമെങ്കില്‍ ഗായകര്‍ വെറും കൂലിക്കാരാമെന്നാണോ അദ്ദേഹം ചിന്തിക്കുന്നത്? യേശുദാസ് ചോദിക്കുന്നു.

അഭിമുഖത്തിനിടയില്‍ റിയാലിറ്റി ഷോകളെക്കുറിച്ചുള്ള ചോദ്യത്തിന് അതു തനിക്കു പറ്റിയ പണിയല്ലെന്നാണ് ഗാനഗന്ധര്‍വന്റെ മറുപടി. പെട്ടെന്നുള്ള പ്രശസ്തിയും അഭിനന്ദനവുമാണ് ഇന്നത്തെ മത്സരാര്‍ഥികള്‍ക്കാവശ്യം. അത്തരം പരിപാടികളുടെ അടുത്തു പോലും പോകാറില്ലെന്നുമായിരുന്നു യേശുദാസിന്റെ പ്രതികരണം.

Content Highlights :Yesudas on Ilayaraja copyright issue sp balasubramanyam reality shows, singer Yesudas, S P B Balasubramanyam