നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശബരീശ സന്നിധിയില്‍ യേശുദാസ് എത്തി. ഹരിവരാസനം പാടി അയ്യപ്പനെയുറക്കാന്‍ ഗാന ഗന്ധര്‍വന്‍ നേരിട്ടെത്തിയത് അയ്യപ്പ ദര്‍ശനത്തിനായി മലകയറിയ നൂറു കണക്കിന് ഭക്ത ജനങ്ങള്‍ക്കും വ്യത്യസ്തമായ ഒരുനുഭവമായിരുന്നു. 

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ഹരിവരാസനം പുരസ്‌കാരം സ്വീകരിക്കാന്‍ ശബരിമലയില്‍ എത്തിയപ്പോഴും ഹരിവരാസനം പാടിയാണ് അദ്ദേഹം സംഗീത കച്ചേരി അവസാനിപ്പിച്ചത്. ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ഥന പ്രകാരമാണ് യേശുദാസ് ഇത്തവണയും ഹരിവരാസനം പാടിയത്.

41 ദിവസത്തെ വ്രതത്തിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ പമ്പയിലെത്തിയ അദ്ദേഹം പമ്പ ഗണപതി ക്ഷേത്രത്തില്‍ ഇരുമുടിക്കെട്ടു നിറച്ചാണ് മല കയറിയത്. ഉച്ചപ്പൂജ, ദീപാരാധന, അത്താഴപൂജ എന്നിവ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ച ശേഷമാണ് അദ്ദേഹം മലയിറങ്ങിയയത്.