ലയാളത്തിന്റെ ഒരേ ഒരു ഗന്ധര്‍വ ഗായകന്‍ എണ്‍പതിന്റെ നിറവിലേക്ക് കടക്കുന്നു. സംഗീത ലോകത്ത് ആറ് പതിറ്റാണ്ടിനോട് അടുക്കുന്ന ധന്യമായ ജീവിതം.ഇന്ത്യയിലെ മൂന്നോ നാലോ ഭാഷകളില്‍ ഒഴികെ മറ്റെല്ലാ ഭാഷകളിലും ആ നാദം വിസ്മയം തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ദാസേട്ടന് എല്ലാ ദേശങ്ങളിലും ആരാധകരുമുണ്ട്. അദ്ദേഹത്തിന്റെ സംഗീത പരിപാടികള്‍ എവിടെ ആണെങ്കിലും ആസ്വദിക്കാന്‍ എത്തുന്നവര്‍ അനേകമാണ്. 

ദാസേട്ടന്റെ പഴയ ചില സ്റ്റേജ് ഷോകളിലെ പാട്ടുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ യൂട്യൂബില്‍ ചേര്‍ത്തിരുന്നു. അതില്‍ കൊടുത്തിരുന്ന എന്റെ ഫോണ്‍ നമ്പറില്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ചിലപ്പോള്‍ വിദേശത്ത് നിന്ന് പോലും ആളുകള്‍ വിളിക്കാറുണ്ട്. പലപ്പോഴും ഇത്തരം വീഡിയോകള്‍ വേറെയും ഉണ്ടാകുമോ എന്നും അദ്ദേഹത്തിന്റെ സംഗീത പരിപാടികളെക്കുറിച്ചുമൊക്കെയുള്ള അന്വേഷണങ്ങളാകും.സഹൃദയരായ ചില സുഹൃത്തുക്കളെ അങ്ങനെ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ആറ്  മാസം മുന്‍പ് ഇത്തരത്തില്‍ ഒരു സ്ത്രീ ഫോണ്‍ ചെയ്തു. പുരിയില്‍ നിന്നുള്ള അവരും ഭര്‍ത്താവും ദാസേട്ടന്റെ വലിയ ആരാധകരാണ്. ദാസേട്ടനെ കാണണം എന്നത് ഏറ്റവും വലിയ  ആഗ്രഹമാണ്. ദാസേട്ടന്റെ ചില മലയാളം പാട്ടുകള്‍ അവരും മകളും പാടിയത് അയച്ച് തരികയും ചെയ്തു. ദാസേട്ടനെ കാണാന്‍ സൗകര്യം ചെയ്തു കൊടുക്കണം എന്നാണ് ആവശ്യം. 

സംഗീത പരിപാടികളില്‍ അല്ലാതെ ഞാനും അദ്ദേഹത്തെ കണ്ടിട്ടില്ല എന്നും നേരിട്ട് കാണണം എങ്കില്‍ അടുത്ത ഏതെങ്കിലും കച്ചേരിയോ ഗാനമേളയോ ഉണ്ടെങ്കില്‍ ശ്രമിക്കൂ എന്നും പറഞ്ഞു. പക്ഷേ അവര്‍ക്ക് ദാസേട്ടന്റെ പാട്ടുകള്‍ കേട്ടാല്‍ മാത്രം പോരത്രേ. നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങണം. അങ്ങനെ ഒരു കാര്യം തരപ്പെടുത്തിയെടുക്കാന്‍ എനിക്ക് കഴിയില്ല എന്ന് പറഞ്ഞു. അദ്ദേഹത്തെപ്പോലെ തിരക്കുകള്‍ ഉള്ള ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് സമയം മാറ്റി വെക്കാന്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞു. 

yesudas

അവരും ഗുരുവും  കൂടി ഒരുപാട് ദൂരം യാത്ര ചെയ്ത്  ചെന്നൈയില്‍ ദാസേട്ടന്റെ വീടിനു മുന്നില്‍ വരെ എത്തിയിരുന്നു ഒരിക്കല്‍. അന്ന് ദാസേട്ടന്‍ യു.എസ്സില്‍ ആയിരുന്നുവത്രെ.അവര്‍ ആ വീടിന്റെ ഗേറ്റിന് പുറത്ത് നില്‍ക്കുന്ന ഫോട്ടോയും അയച്ചു തന്നിരുന്നു. ഈ വിവരങ്ങള്‍ ദാസേട്ടന്റെ മകനും ഗായകനുമായ വിജയ് യേശുദാസുമായും ഞാന്‍ പങ്കുവച്ചിരുന്നു.

ഭാഷയും ദേശവും ഒന്നും സംഗീതത്തിന് അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നില്ല. മലയാളത്തിന്റെ നാദബ്രഹ്മത്തോടുള്ള ആരാധനയ്ക്കും ഇത്തരം അതിര്‍വരമ്പുകള്‍ ഇല്ല എന്ന് കാട്ടിത്തന്ന ഒന്നായിരുന്നു ഈ അനുഭവം. കേരളത്തിന് പുറമേ നിന്നുള്ള സംഗീത ആസ്വാദകര്‍ കൂടുതലായി അദ്ദേഹത്തെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതായി തോന്നിയിട്ടുമുണ്ട്. അര്‍ധ സത്യങ്ങളേയും അസത്യങ്ങളേയും പര്‍വതീകരിച്ച് ആ മഹാ ഗായകന് നേരെ കല്ലേറുകള്‍ നടത്താന്‍ ആണല്ലോ അദ്ദേഹം പിറന്ന നാട്ടിലെ ഒരു വിഭാഗം ശ്രമിക്കാറുള്ളത്.

Content Highlights : Yesudas 79th Birthday Yesudas Fan From Puri