ര്‍ വിദ്യാധര്‍ സൂരജ് പ്രസാദ് നയ്പോളിന് ജെയിംസ് ബോണ്ടുമായി എന്തു ബന്ധം? ഒരാള്‍ നൊബേല്‍ സമ്മാനിതനായ സാഹിത്യകാരന്‍. ഇന്ത്യന്‍ വംശജന്‍. മറ്റേയാള്‍ ഇയാന്‍ ഫ്‌ലെമിംഗിന്റെ വിഖ്യാത ചാര കഥാപാത്രം. ആറു പതിറ്റാണ്ടിനിടെ ഷോണ്‍ കോണറി മുതല്‍ ഡാനിയല്‍ ക്രെയ്ഗ് വരെയുള്ള നായകന്മാര്‍ വെള്ളിത്തിരയില്‍ തകര്‍ത്തഭിനയിച്ച് അനശ്വരനാക്കിയ ബ്രിട്ടീഷ് സീക്രട്ട് ഏജന്റ്. തലമുറകളുടെ ഹൃദയം കവര്‍ന്ന  ഹോളിവുഡ് ആക്ഷന്‍ ഹീറോ. 

വി.എസ് നയ്പോളിന് ജെയിംസ് ബോണ്ടുമായി ഒരു വിചിത്ര ബന്ധമുണ്ട്; 56 വര്‍ഷം പിന്നിടുന്ന ഒരു സംഗീത ബന്ധം. ജെയിംസ് ബോണ്ട് സിനിമകളിലെ വിശ്വ പ്രസിദ്ധമായ തീം മ്യൂസിക്, ബോണ്ട് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പശ്ചാത്തലത്തില്‍ നാം കേള്‍ക്കുന്ന ആ സുപരിചിതമായ സംഗീത ശകലം തന്നെ യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കപ്പെട്ടത് നയ്പോളിന്റെ ``എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്'' എന്ന പ്രശസ്ത നോവലിന്റെ  സംഗീതാവിഷ്‌കാരത്തിന് വേണ്ടിയാണ്; 1961 ല്‍. ആ മ്യൂസിക്കല്‍ ഡ്രാമ  ഒരിക്കലും വെളിച്ചം  കണ്ടില്ലെങ്കിലും അതിനു വേണ്ടി മോണ്ടി നോര്‍മ്മന്‍ ചിട്ടപ്പെടുത്തിയ സംഗീത ശകലം തൊട്ടടുത്ത വര്‍ഷം പുറത്തിറക്കിയ ``ഡോക്ടര്‍ നോ'' എന്ന ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇടം നേടുന്നു; അതുവഴി ചരിത്രത്തിലും. കാലമിത്ര കഴിഞ്ഞിട്ടും ആ സംഗീത ശകലത്തിന്റെ അകമ്പടിയോടെ അല്ലാതെ ബോണ്ടിനെ കുറിച്ച് ചിന്തിക്കാനാവില്ല നമുക്ക്. വെള്ളിത്തിരയിലെ ബോണ്ടിന്റെ വ്യക്തിത്വവുമായി അത്രകണ്ട് ഇഴുകിച്ചേര്‍ന്നിരിക്കുന്നു ആ ഈണം. 

നര്‍മ്മ മധുരമായ ഒരു `ഇന്ത്യന്‍' ഗാനത്തില്‍ നിന്ന് തുടങ്ങുന്നു ബോണ്ട് തീമിന്റെ ചരിത്രം. ``എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസി''ല്‍  ഇന്ത്യക്കാരനായ മാന്ത്രിക കഥാപാത്രം തുമ്മലിനെ കുറിച്ച് പാടുന്ന ``ഗുഡ് സൈന്‍ ബാഡ് സൈന്‍'' എന്ന ആ ഗാനമെഴുതിയത് ജൂലിയന്‍ മോര്‍. ചിട്ടപ്പെടുത്തിയത് മോണ്ടി നോര്‍മ്മനും. കഥാപാത്രം ഇന്ത്യക്കാരനായതിനാല്‍ ചെറിയൊരു ഇന്ത്യന്‍ സ്പര്‍ശം നല്‍കിയാണ് നോര്‍മ്മന്‍ ആ ഗാനശകലം ഒരുക്കിയത്. അകമ്പടിക്ക് തബലയും സിത്താറും. ``ഡം ഡി - ഡി ഡം ഡം'' എന്ന താളക്രമത്തില്‍ നോര്‍മ്മന്‍ ഗിറ്റാറില്‍ വായിച്ചുകൊടുത്ത ഈണത്തിനനുസരിച്ച്  വരികള്‍ എഴുതുകയായിരുന്നു മോര്‍. നോവലിന്റെ സംഗീതാവിഷ്‌കാരം പാതി വഴിയില്‍ വെച്ച് ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ ഗാനശകലവും മറവിയില്‍ ഒടുങ്ങിയേനെ. ഭാഗ്യവശാല്‍ അതുണ്ടായില്ല. തൊട്ടടുത്ത വര്‍ഷം നിര്‍മ്മിക്കപ്പെട്ട ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ``ഡോക്ടര്‍ നോ''യുടെ (1962) സംഗീത സംവിധായകനാകാന്‍   നോര്‍മ്മന്‍ ക്ഷണിക്കപ്പെടുന്നു. നിര്‍മ്മാതാവ് ആല്‍ബര്‍ട്ട് ആര്‍ ബ്രോക്കോളിയുടെ വകയായിരുന്നു ക്ഷണം.  തലേ വര്‍ഷം ``ബെല്ലെ'' എന്നൊരു നാടകത്തിനു വേണ്ടി നോര്‍മ്മന്‍ ചെയ്ത വ്യത്യസ്തമായ സംഗീതം ശ്രദ്ധിച്ചിരുന്നു ബ്രോക്കോളി.

 `ഡോക്ടര്‍ നോ'യില്‍ ഷോണ്‍ കോണറി അവതരിപ്പിച്ച ബോണ്ട് കഥാപാത്രത്തിന് ഒരു തീം മ്യൂസിക്  ഉണ്ടെങ്കില്‍ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത് നോര്‍മ്മന്‍ തന്നെ. സംവിധായകന്‍ ടെറന്‍സ് യംഗിനും ഉണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം. നേരത്തെ സംഗീതനാടകത്തിനു വേണ്ടി ചെയ്ത ട്യൂണ്‍  പുതിയൊരു വാദ്യവിന്യാസത്തിന്റെ അകമ്പടിയോടെ സിനിമയില്‍ പ്രയോജനപ്പെടുത്താന്‍  നോര്‍മ്മന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. 1962 ജൂണ്‍ 21 നായിരുന്നു പില്‍ക്കാലത്ത് ലോകപ്രശസ്തമായിത്തീര്‍ന്ന ആ പ്രമേയ സംഗീതത്തിന്റെ ശബ്ദലേഖനം. ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റ് നിര്‍വഹിച്ചത് ജോണ്‍ ബാരി. അഞ്ചു സാക്‌സഫോണും  ട്രംപറ്റ്, ഫ്രഞ്ച് ഹോണ്‍ തുടങ്ങി ഒന്‍പത് ബ്രാസ് ഉപകരണങ്ങളും  വിക്ക് ഫ്‌ലിക്കിന്റെ  സോളോ ഗിറ്റാറും ഉള്‍പ്പെട്ട ഓര്‍ക്കസ്ട്രയുടെ പിന്തുണയോടെ ആലേഖനം ചെയ്യപ്പെട്ട ആ ഗാനശകലം ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ ആദ്യം കേട്ടത് ``ഡോക്ടര്‍ നോ''യുടെ ശീര്‍ഷകങ്ങള്‍ക്കൊപ്പമാണ്. സിനിമയില്‍ ജെയിംസ് ബോണ്ട് കടന്നുവരുമ്പോഴെല്ലാം ഒളിഞ്ഞും തെളിഞ്ഞും മിന്നിമറയുന്നു ആ ഈണം. 

``ബോണ്ട് തീ''മിന്റെ  ജൈത്രയാത്ര തുടങ്ങിയിരുന്നേയുള്ളൂ. ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോള്‍ഡ് ഫിംഗര്‍ (1964),  തണ്ടര്‍ബാള്‍ (1965),  യു ഒണ്‍ലി ലീവ് ടൈ്വസ് (1967), ഓണ്‍ ഹേര്‍ മെജസ്റ്റീസ് സീക്രട്ട് സര്‍വീസ് (1969),  ഡയമണ്ട്‌സ് ആര്‍ ഫോറെവര്‍ (1971),  ലിവ് ആന്‍ഡ് ലെറ്റ് ഡൈ (1973), ലൈസന്‍സ് ടു  കില്‍ (1989), ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് (1999),   കാസിനോ റൊയാല്‍ (2006), ക്വാണ്ടം ഓഫ് സൊളേസ് (2008), സ്‌കൈഫാള്‍ (2012), സ്പെക്ടര്‍ (2015) തുടങ്ങി ബോക്സാഫീസില്‍ തേരോട്ടം നടത്തിയ അസംഖ്യം ബോണ്ട് ചിത്രങ്ങള്‍. ഷോണ്‍ കോണറി, ജോര്‍ജ്ജ് ലേസന്‍ബി, ഡേവിഡ് നിവെന്‍, റോജര്‍ മൂര്‍, തിമോത്തി ഡാല്‍ട്ടന്‍, പിയേഴ്‌സ് ബ്രോസ്‌നന്‍ തുടങ്ങി ഡാനിയല്‍ ക്രെയ്ഗ് വരെയുള്ള വീരശൂര നായകര്‍. ചരിത്രത്തിന്റെ ഭാഗമായ ആ പ്രയാണത്തില്‍ എന്നും ബോണ്ടിന് കൂട്ടായി ഈ സംഗീത ശകലമുണ്ടായിരുന്നു. ഇന്നുമുണ്ട്.  ഓരോ തലമുറയുടെയും അഭിരുചികളില്‍ വന്ന മാറ്റത്തിനനുസരിച്ച് വാദ്യവിന്യാസം മാറിവരുന്നു എന്നതൊഴിച്ചാല്‍ ബേസിക് ഈണം അന്നും ഇന്നും ഒന്നുതന്നെ. ഈ ഒരൊറ്റ സംഗീത ശകലത്തില്‍ നിന്ന് റോയല്‍റ്റി ഇനത്തില്‍ മാത്രം ലക്ഷക്കണക്കിന് പൗണ്ട് സമ്പാദിച്ചുകഴിഞ്ഞു നോര്‍മ്മന്‍. 

വേറെയും സിനിമകള്‍ക്കും  ടെലിവിഷന്‍ പരമ്പരകള്‍ക്കും വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും, ഈ തൊണ്ണൂറാം വയസ്സിലും മോണ്ടി നോര്‍മ്മന്‍ ഓര്‍ക്കപ്പെടുന്നത് ജെയിംസ് ബോണ്ട് തീമിന്റെ പേരില്‍ തന്നെ. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള കൊച്ചു കുട്ടികള്‍ക്ക് പോലും സുപരിചിതമായ ആ ഈണം തന്റെ മരണശേഷവും ജീവിക്കുമെന്ന് ഉറപ്പുണ്ട് നോര്‍മ്മന്. ``ഒരു കൊച്ചു സംഗീത ശകലത്തിലൂടെ ഒരു കഥാപാത്രത്തെ മാത്രമല്ല ഒരു കാലഘട്ടത്തെ മുഴുവന്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമെങ്കില്‍ അത് അതിന്റെ ധര്‍മ്മം നിര്‍വഹിച്ചു എന്നു തന്നെ കരുതണം. ആ അര്‍ത്ഥത്തില്‍ ഞാന്‍ ഭാഗ്യവാനാണ്.''-നോര്‍മ്മന്റെ വാക്കുകള്‍.

ഇതേ സംഗീത ശകലത്തിന്റെ പേരില്‍ പല തവണ കോടതി കയറിയിട്ടുമുണ്ട് നോര്‍മ്മന്‍. ബോണ്ട് തീമിന്റെ യഥാര്‍ത്ഥ അവകാശി താനാണെന്നായിരുന്നു വാദ്യവിന്യാസം നിര്‍വഹിച്ച ജോണ്‍ ബാരിയുടെ പക്ഷം. പക്ഷേ കോടതി നോര്‍മ്മനൊപ്പം നിന്നു. 2001 ല്‍ ബാരിയെ ബോണ്ട് തീമിന്റെ യഥാര്‍ത്ഥ ശില്‍പ്പിയായി ചിത്രീകരിച്ച സണ്‍ഡേ ടൈംസ് പത്രത്തിനെതിരെയും കേസ് നടത്തി ജയിച്ച ചരിത്രമുണ്ട് നോര്‍മ്മന്. ``സ്വന്തം കുഞ്ഞിനെ മറ്റു വല്ലവരും തട്ടിക്കൊണ്ടുപോകുന്നത് നോക്കിനില്‍ക്കാനാകുമോ അച്ഛന്? '' -നോര്‍മ്മന്റെ ചോദ്യം ന്യായം.