രാത്രി ചൂളമടിക്കാമോ ? ചോദ്യം സൗരഭ്യയോടാണെങ്കില്‍ തീര്‍ച്ചയായും അടിക്കാം എന്നാകും ഉത്തരം. കാരണം, സൗരഭ്യ ചൂളമടിക്കാന്‍ പഠിക്കുന്നത് രാത്രിയിലാണ്. പഠിപ്പിക്കുന്നത് അച്ഛന്‍ തിമോത്തിയോസ് കൂടിയാകുമ്പോള്‍ രാത്രിയിലേ വിസില്‍ പഠനം നടക്കുകയുള്ളു.

വെറുതെ തമാശയ്ക്ക് ചൂളമടിക്കുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. സംഭവം അല്പം ഗൗരവമാണ്. കാരണം, ചൂളമടിച്ച് സൗരഭ്യ നേടിയെടുത്തത് മൂന്ന് റെക്കോഡുകള്‍.

ലിംക സൗരഭ്യ

2017-ല്‍ ഇന്ത്യന്‍ വിസിലേഴ്സ് അസോസിയേഷന്‍ എറണാകുളത്ത് നടത്തിയ പരിപാടിയിലാണ് ലിംക ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്നിങ്ങനെ മൂന്നെണ്ണം നേടിയെടുത്തത്. സാരെ ജഹാംസെ അച്ഛാ, ഹോംഗെ കാമിയാഗബ് എന്നീ ഗാനങ്ങളാണ് വേദിയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ട്രിച്ചൂര്‍ സിറ്റി ജെ. സി. ഐ. അവാര്‍ഡ് ജേതാവ് കൂടിയാണ് സൗരഭ്യ.

മൂന്നാം വയസ്സില്‍ പരിശീലനം

സൗരഭ്യ ചൂളമടിക്കാന്‍ തുടങ്ങിയത് മൂന്ന് വയസ്സുമുതല്‍. കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്‍ ചൂളമടിച്ചു സൗരഭ്യയെ കളിപ്പിച്ചപ്പോള്‍ ഒരിക്കലും വിചാരിച്ചില്ല, അവള്‍ നാളെ അറിയപ്പെടാന്‍ പോകുന്നത് വിസില്‍ ശബ്ദം മൂലമാണെന്ന്. പാട്ടുകാരി കൂടിയായ അമ്മ ജോളിയും ചേച്ചിമാരും ഒപ്പം ചേര്‍ന്നതോടെ സംഗതി ഉഷാര്‍.

ചേച്ചിമാരായ സൗമ്യയും സൗഭാഗ്യയും കരാട്ടെയും ശാസ്ത്രീയ സംഗീതവും പഠിക്കാനായി പോകുമ്പോള്‍ സൗരഭ്യയും അവരോടൊപ്പം പോകും. അതുകൊണ്ട്, വളരെ ചെറുപ്പത്തില്‍ത്തന്നെ, സൗരഭ്യ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. ചേച്ചിമാരോടൊപ്പം രാവിലെ സംഗീത ക്ലാസുകളും രാത്രി അച്ഛന്റെ കൂടെ ചൂളമടിക്കാനുള്ള പരിശീലനവും.

അങ്ങനെ, അഞ്ചാം വയസ്സില്‍ ആദ്യമായി വേദിയിലെത്തി. പശ്ചാത്തല സംഗീതത്തോടൊപ്പം, പാട്ടിന്റെ വരികള്‍ക്കായി കാതോര്‍ത്തിരുന്നവരെ വിസ്മയിപ്പിച്ച് ഒരു അഞ്ചു വയസുകാരി ചൂളമടിച്ചുകൊണ്ട് പാട്ടുപാടി.

വരികള്‍ക്ക് പകരം വിസില്‍ ശബ്ദം മാത്രം. വരികളുടെ അഭാവം തോന്നാത്ത തരത്തില്‍ സുന്ദരമായി സൗരഭ്യ 'അണ്ണാറക്കണ്ണാ വാ'എന്ന പാട്ടു പാടി. പരിപാടി സൂപ്പര്‍ഹിറ്റായതോടെ നിരവധി വേദികളില്‍ ചൂളമടിച്ച് കാണികളെ വിസ്മയിപ്പിച്ചു. ഇതുവരെ, 171 സ്റ്റേജുകളിലായി പരിപാടികള്‍ അവതരിപ്പിച്ചു. ഗാനമേളകള്‍ക്കും പോകുന്നു.

ചൂളമടിക്കുക എളുപ്പമല്ല

ചൂളമടിച്ചു പാട്ടു പാടുക എന്നത് പ്രയാസകരമായ ജോലിയാണ്. പക്ഷേ, സൗരഭ്യ പാടുമ്പോള്‍, വളരെ അനായാസമായി തോന്നും. ശ്വാസമെടുക്കുന്നതിനോ ശബ്ദം ഭംഗിയായി അവതരിപ്പിക്കുന്നതിനോ ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത തരത്തിലാണ് പാട്ടുപാടുമ്പോള്‍ കുട്ടിയുടെ മുഖഭാവം. പാട്ടുപാടാമോ എന്നുചോദിച്ചാല്‍ ഏതുപാട്ടു വേണം എന്നായിരിക്കും മറുചോദ്യം.

അത്രയധികം സിനിമാഗാനങ്ങളാണ് സൗരഭ്യ മനപ്പാഠമാക്കിയിരിക്കുന്നത്.

ഒരു സിനിമാഗാനം കേട്ടാല്‍, അമ്മയും ചേച്ചി സൗഭാഗ്യയും ചേര്‍ന്ന് വരികള്‍ പകര്‍ത്തിയെടുക്കും. പകര്‍ത്തിയെടുത്ത വരികള്‍ മനസ്സിലുറപ്പിക്കുകയാണ് അടുത്ത പടി. അച്ഛനാണ് ചൂളമടിക്കുമ്പോഴുള്ള തെറ്റുകള്‍ തിരുത്തുക. അതിനുശേഷം മാത്രമേ വേദികളില്‍ അവതരിപ്പിക്കൂ.

ചൂളമടിച്ചു പാട്ടുകള്‍ പാടുമ്പോള്‍ ശ്രദ്ധിക്കാനും ഏറെ യുണ്ട്.

'സാധാരണ പോലെയല്ല വിസില്‍ ശബ്ദം കൊണ്ട് പാട്ടുപാടുക എന്നത്. പാടുമ്പോള്‍ ശ്വാസം നിലനിര്‍ത്തണം. യോഗയും കരാട്ടെയും അഭ്യസിക്കുന്നതിനാല്‍ അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. ശ്വാസോച്ഛ്വാസ വ്യായാമങ്ങള്‍ ഇവ വഴി ലഭിക്കും. അപ്പോള്‍ കൂടുതല്‍ നേരം ശ്വാസം നിലനിര്‍ത്താന്‍ സാധിക്കും'- സൗരഭ്യ പറഞ്ഞു.

ചൂളമടിക്കുമ്പോള്‍ ശബ്ദം പുറത്തു വരണമെങ്കില്‍ ചുണ്ടുകളില്‍ എപ്പോഴും നനവുണ്ടായിരിക്കണം. ചുണ്ടുകള്‍ വരണ്ടാല്‍ ശബ്ദം പുറത്തു വരില്ല. ശബ്ദം പോകാതിരിക്കാന്‍ തണുത്ത ഭക്ഷണവും ഒഴിവാക്കണം.

'ചൂളമടിക്കുമ്പോള്‍ അകത്തോട്ടും പുറത്തോട്ടും ശബ്ദമുണ്ടാക്കാന്‍ കഴിയുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. സൗരഭ്യക്ക് അങ്ങനെയൊരു കഴിവുണ്ട്. അവള്‍ക്ക് ശബ്ദം എങ്ങനെ വേണമെങ്കിലും സൃഷ്ടിക്കാനാകും'- തിമോത്തിയോസ് പറഞ്ഞു.

ചൂളമടിക്കല്‍ മാത്രമല്ല, കരാട്ടെയിലും മികവ് തെളിയിച്ചിട്ടുണ്ട്. കക്ഷി കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ്. അതിലും അച്ഛനാണ് ഗുരു. തിമോത്തിയോസിന്റെ ഒല്ലൂക്കരയിലുള്ള വൈറ്റ് ഡ്രാഗണ്‍ ഫിറ്റ്നസ് അക്കാദമിയിലാണ് സൗരഭ്യയും ചേച്ചിമാരും കരാട്ടെ അഭ്യസിക്കുന്നത്. ചേച്ചിമാര്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. പള്ളോട്ടി സെന്റ് വിന്‍സന്റ് സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സൗരഭ്യ.

Content Highlights: whistling singer Sourabhrya Thimothios, music, limca book, of records, glory