-
ഭാര്യ ദിവ്യയുടെ ഗാനം ആദ്യമായി പങ്കുവച്ച് ഗായകൻ വിനീത് ശ്രീനിവാസൻ. "അവൾക്കൊപ്പം പതിനാറ് വർഷങ്ങൾ.. അവൾ പാടുന്നത് വീഡിയോ റെക്കോർഡ് ചെയ്യാൻ എന്നെ അനുവദിക്കുന്നത് പക്ഷേ ഇതാദ്യമായാണ് . എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്".
വീഡിയോ റെക്കോർഡ് ചെയ്യാൻ ദിവ്യയെ സമ്മതിപ്പിച്ച തന്റെ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് വിനീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അവതാരം എന്ന തമിഴ് ചിത്രത്തിലെ 'തെൻട്രൽ വന്ത് തീണ്ടും പോത്' എന്ന ഗാനമാണ് ദിവ്യ മനോഹരമായി പാടുന്നത്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2012 ലാണ് വിനീത് സഹപാഠിയായ ദിവ്യയെ താലിചാർത്തുന്നത്. ദിവ്യയെ പ്രൊപ്പോസ് ചെയ്തതും ഇരുവരുടേയും പ്രണയവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെ വിനീത് ആരാധകരുമായി പങ്കുവച്ചിരുന്നു.
"2004 മാർച്ച് മുപ്പത്തിയൊന്ന് പുലർച്ചെ ഫോണിലൂടെ ഞാൻ ദിവ്യയെ പ്രൊപ്പോസ് ചെയ്തു. അന്നേ ദിവസം കോളേജിലെത്തിയതിന് ശേഷം ഞങ്ങൾ പകുതി ദിവസത്തെ ക്ലാസ് ബങ്ക് ചെയ്യാൻ തീരുമാനിച്ചു. കാരപാക്കത്ത് നിന്നും അഡയാർ വരെ ഞങ്ങൾ ഒരു ഷെയർ ഓട്ടോ പിടിച്ചു അഡയാറിൽ നിന്നും സ്പെൻസർ പ്ലാസയിലേക്ക് 23സി ബസ്സും. അതായിരുന്നു ആദ്യമായി ഞങ്ങൾ ഒരുമിച്ചു പുറത്തു പോയ ദിവസം. അന്ന് തൊട്ടിന്ന് വരെ അതൊരു നീണ്ട യാത്രയാണ്.
ദിവ്യയെക്കുറിച്ച്...അന്ന്, പതിനാല് വർഷം മുൻപ് എനിക്ക് തോന്നിയതെന്തോ അത് കൂടുതൽ ആദരണീയമായ, അർത്ഥവത്തായ, ബന്ധമായി മനോഹരമായി പരിണമിച്ചു. ഞാൻ വളരെ ചെറുപ്പമായിരുന്നു ദുർബലനായിരുന്നു കൂടാതെ എനിക്ക് പത്തൊമ്പത് വയസ്സായിരുന്നു. പ്രണയത്തിൽ വീണു പോവുക എന്നത് എളുപ്പമായിരുന്നു.
പക്ഷെ ഇത്രയും വർഷങ്ങൾ കൊണ്ട് ഞങ്ങളെന്താണോ നിർമ്മിച്ചത് അവയാണ് ഞാൻ ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത്. പിന്നെ തീർച്ചയായും ഞങ്ങളുടെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞും. പത്തൊമ്പതാമത്തെ വയസിൽ ഞാൻ കണ്ടുമുട്ടിയത് ശരിയായ വ്യക്തിയെ ആണ്. ഈ ഒരു ഗൂഢാലോചനയ്ക്ക് ഞാൻ പ്രപഞ്ചത്തോട് നന്ദി പറയുന്നു" - വിനീത് കുറിച്ചു.
2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്. .വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്.
content Highlights : Vineeth Sreenivasan Shares Wife Divya Vineeths Song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..