Vimal roy
കൊച്ചി : പാട്ട് പഠിക്കാന്‍ പോയ ചേട്ടന്റെ പാട്ട് കേട്ട് പഠിക്കുക, പിന്നീട് അനിയനും പാട്ടിനോട് താത്പര്യമുണ്ടെന്ന് കണ്ട് മാതാപിതാക്കള്‍ അവനെയും പാട്ടിന്റെ ലോകത്തേക്ക് വിട്ടു. എന്നാല്‍, സംഗീതാധ്യാപകര്‍ക്ക് മുന്നില്‍ താത്പര്യം കാണിക്കാതെ അവന് അവിടെ നിന്നും മുങ്ങി.. പിന്നെ അവന്റെ അധ്യാപകന് ചേട്ടന് രാഹുല്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ലോകത്തേക്ക് ഏറ്റവും വലിയ കാല്ചുവടെടുത്ത് വച്ചത് രാഹുലിന്റെ അനിയനായ വിമല്‍ റോയ് ആണ്. വിനീത് ശ്രീനിവാസന്റെ അണിയറയില്‍ ഒരുങ്ങുന്ന ഹൃദയം എന്ന ചിത്രത്തില്‍ തന്റെ ആദ്യഗാനം പാടിയാണ് വിമല്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നത്. കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ വിമല്‍ തന്റെ പുതിയ പാട്ടിന്റെ സന്തോഷത്തിലാണിപ്പോള്‍. ഹൃദയം സിനിമയിലെ 15 പാട്ടുകള്‍ പാടുന്നവരില്‍ ഏറ്റവും ഇളയതും പുതുമുഖവുമായ ഒരേ ഒരു വ്യക്തിയാണ് വിമല്‍. നിലവില്‍ കാക്കനാട് താമസിക്കുന്ന വിമല്‍ തന്റെ പാട്ട് ലോകത്തേക്ക് എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
പാട്ടും സിനിമാലോകവും
പ്ലസ്ടു പഠനത്തിന് ശേഷം ചെന്നൈ എ.ആര് റഹ്മാന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാനായിരുന്നു പദ്ധതി. എന്നാല്‍, പല കാരണങ്ങളാല്‍ അത് സാധിക്കാതെ വരികയായിരുന്നു. പാട്ടാണ് ജീവിതമെന്ന് ആ ഒരു കാലത്ത് തന്നെ മനസിലായിരുന്നു. പക്ഷേ വീട്ടുകാരെ ഇക്കാര്യം പറഞ്ഞ് മനസിലാക്കാന്‍ ഏറെ പ്രയാസപ്പെട്ടു. പാട്ട് ജീവിതമാക്കണമെന്ന് കരുതിയെങ്കിലും അത് സാധിക്കാതെ മറ്റൊരു മേഖല തിരഞ്ഞെടുക്കേണ്ടി വന്ന ചേട്ടന് രാഹുലാണ് മാതാപിതാക്കളോട് എന്റെ കാര്യം പറഞ്ഞ് സമ്മതിപ്പിച്ചെടുത്തത്. ചേട്ടന് സംസാരിച്ചിതിനാലാണ് എനിക്ക് ഇതെല്ലാം സാധ്യമായത്. ചേട്ടന് ഹിന്ദുസ്ഥാനിയും കര്‍ണ്ണാടക സംഗീതവുമെല്ലാം പഠിച്ചിട്ടുണ്ടായിരുന്നു. അതില്‍ നിന്നും കേട്ട് പഠിക്കുകയാണ് ഞാന്‍ ചെയ്തത്. എന്നാല്‍ സിനിമാ ലോകവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. പിന്നീട് പാട്ടുകളുടെ കവറുകള്‍ പാടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. അങ്ങനെ ഹെലന് എന്ന ചിത്രത്തിലെ 'താരപഥമാകെ...' എന്ന ഗാനത്തിന്റെ കവര്‍ നടി അന്ന ബെന്‍ കേള്‍ക്കുകയും അന്ന വിനീത് ശ്രീനിവാസന് ഗാനം പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഹൃദയത്തിലേക്കുള്ള വഴിതുറന്നത്.
വിനീത് - ഹിഷാം- കൈതപ്രം
സിനിമയിലെ ആദ്യ ഗാനം തന്നെ വലിയ ഭാഗ്യമായാണ് എത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ചിത്രം ഹിഷാം അബ്ദുള്‍ വഹാബ് എന്ന യുവ സംഗീത സംവിധായകന്, കൈതപ്രം സാറിന്റെ വരികള്‍... ഇതെല്ലാം ഒരുമിച്ച് ലഭിക്കുക എന്നത് ഭാഗ്യം തന്നെയാണ്. ഹൃദയം സിനിമയിലെ 15 ഗാനങ്ങളില്‍ ആകെയുള്ള പുതുമുഖം ഞാന്‍ മാത്രമാണെന്ന ടെന്‍ഷന്‍ നല്ലോണമുണ്ട്. ചിത്ര, ശ്രീനിവാസ് എന്നീ വലിയ ഗായകര്‍ തുടങ്ങി യുവ തലമുറയില്‍ പ്രശസ്തരായ ജോബ് കുര്യന്, അരവിന്ദ് വേണുഗോപാല്‍, സച്ചിന് വാര്യര്‍, ദര്‍ശന രാജേന്ദ്രന് തുടങ്ങി ഒരുപിടി താരങ്ങളാണ് ഈ സിനിമയില്‍ പാടുന്നത്. റിക്കോര്‍ഡിംഗ് സമയത്ത് നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ ,ഒരു കുടുംബാംഗം പോലെയാണ് വിനീതേട്ടനും ഹിഷാമിക്കയും കൂടെ നിന്നത്. കുറേ പാട്ടിന്റെ ടെക്നിക്കുകളും ശ്വസന രീതികളുമെല്ലാം പറഞ്ഞു തന്നു. അതെല്ലാം നന്നായി പാടുന്നതിന് ഏറെ ഗുണകരമായി. പാട്ട് റിലീസ് ആകുന്നതും അതെങ്ങനെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നുമെല്ലാമുള്ള കാത്തിരിപ്പാണിപ്പോള്‍.
സ്വന്തം പാട്ട്
ആദ്യമായി സ്വന്തമായൊരു പാട്ടുണ്ടാകുന്നതിന്റെ എല്ലാ ത്രില്ലും നിലവിലുണ്ട്. ഭദ്ര ചേച്ചിയോടൊപ്പമാണ് എന്റെ പാട്ടുള്ളത്. ഒരു യാത്രാനുഭവം നല്കുന്ന. പുതിയൊരു തുടക്കമെന്ന് അര്‍ത്ഥം വരുന്ന പാട്ടാണത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലാണ് ഈ പാട്ടെത്തുന്നത് എന്നാണ് അറിഞ്ഞത്. കഥാപാത്രങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും കോര്‍ത്തെടുക്കുന്ന ഒന്ന്. യാത്രയായിട്ട് കണക്ട് ചെയ്യാന്‍ പറ്റുന്ന ഒന്ന്... എല്ലാവര്ക്കും ഇഷ്ടമാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.
content highlights : vineeth sreenivasan hridayam movie singer vimal roy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..