ഏഴ് ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന " സാൽമൺ "എന്ന ത്രി ഡി ചിത്രത്തിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

സിതാര കൃഷ്ണകുമാറും സൂരജ് സന്തോഷും ചേർന്നാണ് രാവിൽ വിരിയും എന്ന് തുടങ്ങുന്ന ​ഗാനം ആലപിക്കുന്നത്. രചന നവീൻ മാരാർ, ശ്രീജിത്ത് എടവന സംഗീതം പകരുന്നു. നേരത്തെ ചിത്രത്തിലെ രണ്ട് ലിറിക്കൽ വീഡിയോകളും തമിഴ് ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു.

വിജയ് യേശുദാസാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മീനാക്ഷി ജസ്വാളാണ് നായിക. 'ഡോൾസ്, കാട്ടുമാക്കാൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളിയായ ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രമാണ് "സാൽമൺ".

എം ജെ എസ് മീഡിയയുടെ ബാനറിൽ ഷാജു തോമസ് , ജോസ് ഡി പെക്കാട്ടിൽ, ജോയ്സ് ഡി പെക്കാട്ടിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന "സാൽമൺ" ത്രി ഡി ഏഴു ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. 15 കോടി രൂപയാണ് ബജറ്റ്.

ജനിച്ചു വീഴുമ്പോൾ തന്നെ അനാഥരാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടൽ മാർഗ്ഗം ഭൂഖണ്ഡങ്ങൾ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന അപൂർവ്വ സവിശേഷതകളുള്ള സാൽമൺ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നല്കിയിരിക്കുന്നത്. ഇതേ രീതിയിൽ പ്രതികൂല സാഹചര്യം തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുമുള്ള സംഭവ ഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം.

തമിഴ്, മലയാളം ഭാഷകൾക്ക് പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി എന്നി ഭാഷകളിലും സാൽമൺ റിലീസ് ചെയ്യും.വാർത്ത പ്രചരണം-എ എസ് ദിനേശ്

Content Highlights : Vijay Yesudas Movie Salmon 3D Song Sithara Krishnakumar Sooraj Santhosh