മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഖയ്യാം ഈണമിട്ട കഭി കഭി, ഉമറാവോ ജാന്‍, ത്രിശൂല്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്. അമിതാഭ് ബച്ചനൊപ്പം രാഖിയും ഒന്നിച്ചഭിനയിച്ച കഭീ കഭീ എന്ന ചിത്രത്തിലെ'കഭീ കഭീ മേരേ ദില്‍ മേം' എന്ന ഗാനം കാലാതിവര്‍ത്തിയാണ്‌. സഹീര്‍ ലുധിയാന്‍വിയാണ് വരികളെഴുതിയത്.

രേഖ, നസീറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ അണിനിരന്ന ഉമറാവോ ജാനിലെ സംഗീതത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. മെലഡികള്‍ ഒട്ടേറെ സമ്മാനിച്ച സംഗീതകാരന് സംഗീത നാടക അക്കാദമി പുരസ്‌കാരം, പദ്മഭൂഷന്‍ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Content Highlights : veteran music director Mohammed Zahur Khayyam Hashmi passes away