തൃശ്ശൂര്‍: അങ്ങനെ ആ ആഗ്രഹവും സാധിച്ചു. വൈഷ്ണവ് ഗിരീഷ് എ.ആര്. റഹ്മാനെ കണ്ടു. വെറുമൊരു കൂടിക്കാഴ്ചയല്ല. കൊടുങ്ങല്ലൂരിലെ കൊച്ചുപയ്യനെ സംഗീതചക്രവര്‍ത്തി വിളിച്ചുവരുത്തിയതാണ്. വീട്ടുകാര്ക്കും കൂട്ടുകാര്‍ക്കും മാത്രമാണ് വൈഷ്ണവ് കൊച്ചുപയ്യന്‍. എ.ആര്‍. റഹ്മാന്‍ വൈഷ്ണവ് വലിയ പയ്യനാണ്, പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍. സ്വകാര്യമായി ഇരുവരും സംസാരിച്ചു. സംഗീതത്തെപ്പറ്റി. ഭാവി പരിപാടികളെപ്പറ്റി. സ്വകാര്യസംഭാഷണത്തെപ്പറ്റി ഇപ്പോഴൊന്നും പറയാനാവില്ല. സീ ടിവിയുടെ പരിപാടി കഴിയുംവരെ വൈഷ്ണവ് അതിനെപ്പറ്റിയേ സംസാരിക്കൂ. വൈഷ്ണവിന്റെ പാട്ട് നേരിട്ടാസ്വദിക്കണമെന്നുണ്ടോ. 28ന് കൊടുങ്ങല്ലൂരിലെത്തിയാല്‍ മതി. പയ്യന്റെ പാട്ട് നേരിട്ട് കേള്‍ക്കാം. പാട്ടുകാരായ ചില കൂട്ടുകാരുമുണ്ടാകും ഒപ്പം. 

കൊടുങ്ങല്ലൂരിലെന്താണ് അന്ന് ചടങ്ങ് എന്നാവും ചോദ്യം. പാട്ടില്‍ തനിക്ക് മാതൃകയായ ചേട്ടന്‍ കൃഷ്ണനുണ്ണിയുടെ വിവാഹം. കല്യാണം 27ന് ഗുരുവായൂരിലാണ്. ദുബായില്‍ ജോലിചെയ്യുന്ന കൃഷ്ണനുണ്ണി കല്യാണത്തിനായി 24ന് എത്തും. അന്നുതന്നെ വൈഷ്ണവും മുംബൈയില്‍നിന്നെത്തും. കല്യാണപ്പിറ്റേന്ന് കൊടുങ്ങല്ലൂരിലെ മണ്ഡപത്തിലാണ് റിസപ്ഷന്‍. ആ ചടങ്ങിലാണ് കൊച്ചുഗന്ധര്‍വന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അതിഥികള്‍ക്കുമായി പാടുക.

രാജ്യമൊട്ടുക്കും പ്രശസ്തനായ ഈ കൊടുങ്ങല്ലൂര്‍ക്കാരന്‍ ഇനി ലോകപ്രശസ്തിയിലേക്കാണ് ഉയരുന്നത്. സീ ടിവിയുടെ സംഗീതമത്സരത്തില് അവസാന റൗണ്ടിലാണ് ഈ 15കാരന്‍.  2014ല്‍ മറ്റൊരു മലയാളം സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയില്‍ വിജയിയായി. രണ്ടുവര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഗീതപ്രതിഭ. 2015ല്‍ ഇന്ത്യന്‍ െഎഡല്‍ ജൂനിയറില്‍ ഫൈനലിസ്റ്റ്. ഈ പരിപാടിക്കായി എത്തിയ 12000 പേരില്‍നിന്ന് കണ്ടെത്തിയ ആറ് പ്രതിഭകളില് ഒരാളായിരുന്നു വൈഷ്ണവ്. ഈ നേട്ടമാണ് ഇപ്പോള്‍ സ്വകാര്യ ചാനലിന്റെ പരിപാടിയിലേക്കുള്ള വഴിത്തിരിവായത് -വൈഷ്ണവിന്റെ അമ്മ മിനി പറഞ്ഞു. 

 അമ്മ മിനി വി. മേനോന്‍ പാട്ടുകാരിയാണ്. കനറാ ബാങ്കിന്റെ കയ്പമംഗലം ശാഖയില് കാഷ്യറായ അച്ഛന്‍ എ.കെ. ഗിരീഷ്‌കുമാറും നല്ല ഗായകന്‍ തന്നെ. ചേട്ടന്‍ കൃഷ്ണനുണ്ണി ഗിരീഷും പഠനകാലത്ത് സംസ്ഥാനതല സംഗീതപ്രതിഭയായിരുന്നു.

മാളയിലെ ഹോളി ഗ്രേസ് സ്‌കൂളില്‍ എട്ടുവരെ പഠിച്ചശേഷം ഇപ്പോള്‍ മതിലകത്തെ സെന്റ് ജോസഫ് സ്‌കൂളിലാണ് പഠനം. പരിപാടിയുടെ ഒഡീഷന്‍ റൗണ്ടില്‍ വൈഷ്ണവ് ആലപിച്ച പാട്ടാണ് വൈറല്‍ ആയത്. ഒഡീഷനില്‍ ഒരു പാട്ട് സ്വന്തമായി തിരഞ്ഞെടുക്കാം. ആ പാട്ടാണ് വൈഷ്ണവിനെ കോടിക്കണക്കിന് പേരുടെ ആരാധകനാക്കിയത്. ഷാരൂഖ് ഖാനെ എടുത്തുയര്‍ത്തിയ ഈ തീറ്റക്കൊതിയന് എല്ലാ വിഭവങ്ങളോടും കമ്പമില്ല. മധുരം അതാണ് പ്രിയം.