ലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരുടെ  ലിസ്റ്റില്‍ മുന്നിലുള്ള പേരുതന്നെയാണ് വൈക്കം വിജയലക്ഷ്മിയുടേത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വിജയലക്ഷ്മിയുടെ വിവാഹം. മിമിക്രി കലാകാരനായ അനൂപിനെയാണ് വിജയലക്ഷ്മി വിവാഹം ചെയ്തത്. 

വിവാഹ ശേഷം റെക്കോഡിങ് തിരക്കിലാണ് വിജയലക്ഷ്മി. മലയാള സിനിമയും തമിഴ് സിനിമയും ഒരേ പോലെ ഈ ഗായികയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വിജയ് നായകനായ തെരിയിലും ശിവകാര്‍ത്തികേയന്‍ ചിത്രത്തിലും വിജയലക്ഷ്മി പാടിയിരുന്നു. ഈ രണ്ട് പാട്ടുകളും സൂപ്പര്‍ ഹിറ്റുകളാണ്. യുവന്‍ശങ്കര്‍ രാജ സംഗീതമൊരുക്കുന്ന പുതിയ ചിത്രത്തിലും വിജയലക്ഷ്മി പാടുന്നുണ്ട്. 

സംഗീതം ജീവിതമാക്കിയ വിജയലക്ഷ്മിക്ക് ഒരുപാട് ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പറയുകയാണ് ഭര്‍ത്താവ് അനൂപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മനസ്സു തുറന്നത്. അതോടൊപ്പം തന്നെ വിജയലക്ഷ്മി തന്റെ പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കവെച്ചു.

'വിജിക്ക് ഒരുപാട് പാട്ടുകള്‍ ഇനിയും പാടണം. തെന്നിന്ത്യയിലെ പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്യണം. വിജിയുടെ ഏറ്റവും വലിയ സ്വപ്നം ഇളയരാജ സാറിന്റെ ഒരു പാട്ടെങ്കിലും പാടണം എന്നതാണ്. പിന്നെ എ. ആര്‍ റഹ്മാന്‍ സാര്‍, വിദ്യാസാഗര്‍ സാര്‍ ഇവരെയൊക്കെ വിജിക്ക് വലിയ ഇഷ്ടമാണ്. എന്നെങ്കിലും ഒരിക്കല്‍ ഈശ്വരന്‍ അത് സാധിച്ചുതരും എന്നാണ് വിശ്വസിക്കുന്നത്.''

ശിവകാര്‍ത്തികേയന്റെ സിനിമയില്‍ പാടിയെങ്കിലും അദ്ദേഹത്തെ നേരില്‍ കാണാനും സംസാരിക്കാനും പറ്റാഞ്ഞതില്‍ ദുഖമുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. തനിക്കും ശിവകാര്‍ത്തികേയനെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്ന് അനൂപും പറഞ്ഞു.

'പ്രേക്ഷകരോട് എനിക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. വിജിക്ക് വേണ്ടി പ്രാര്‍ഥിക്കുക. ഞങ്ങള്‍ക്ക് വേണ്ടി എന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല. എന്നെങ്കിലും ഒരിക്കല്‍ വിജി വെളിച്ചം കാണണം. അത് മാത്രമേ എനിക്ക് പറയാനുള്ളൂ'- അനൂപ് കൂട്ടിച്ചേര്‍ത്തു.